Dec 25, 2020

ഒരു കൈയബദ്ധം. നാറ്റിക്കരുത്!!

 ഗുയ്സ്, ഇന്നലെ എനിക്കൊരു അബദ്ധം പറ്റി. പുതിയ പർച്ചെസിങ്ങിനായി ഞാനും വൈഫും കൂടി ഇന്നലെ കോയമ്പത്തൂർ പോയിരുന്നു. ആദ്യത്തെ പർച്ചേസിംഗ് കഴിഞ്ഞപ്പോ കയ്യിലെ പൈസയും എടിഎം ലിമിറ്റും തീർന്നതിനാൽ അടുത്ത കടയിൽ കേറി ആദ്യം തന്നെ ചോദിച്ചത് ഗൂഗിൾ പേ ഉണ്ടോന്നാണ്. ഉണ്ടെന്നു കടക്കാർ പറയുകയും ചെയ്തു ഞാൻ പിന്നെ കാണുന്നത് hdfc ബാങ്കിന്റെ QR കോഡ് ആണ്. സാധനങ്ങൾ ഒക്കെ എടുത്തു, ബില്ല് അടിച്ചു, എമൗണ്ട് പറഞ്ഞു. ഞാൻ ഉടനെ തന്നെ QR കോഡ് സ്കാൻ ചെയ്തു, കടയുടെ പേര് കാണിച്ചു, ക്യാഷ് ട്രാൻസ്ഫെർ ചെയ്തു, എല്ലാം ടക് ടക്കെന്ന് കഴിഞ്ഞു. 

എല്ലാം കഴിഞ്ഞപ്പോ കടക്കാർ പറയാ, ആരോട് ചോദിച്ചിട്ടാണ് ആ QR കോഡ് സ്കാൻ ചെയ്തു ക്യാഷ് അയക്കാൻ പറഞ്ഞത്? അങ്ങനെ ഒരു അക്കൗണ്ട് ഇല്ലത്രെ. എന്ത്? അക്കൗണ്ട് ഇല്ലെങ്കിൽ ക്യാഷ് പോകുമോ? ആ QR കോഡ് വെറുതെ വെച്ചതാണത്രേ. പിന്നെ വഴക്കായി, ബഹളമായി, അടിയായി. തമിഴ് പറഞ്ഞു കൊണ്ടിരുന്ന ഞാൻ നല്ല മലയാളത്തിൽ പറഞ്ഞു തുടങ്ങി, തമിഴ് പറഞ്ഞോണ്ടിരുന്ന കടക്കാർ നല്ല ഹിന്ദിയിൽ പറയാൻ തുടങ്ങി. കടക്കാർ പറയുന്നത്, QR കോഡ് ചെയ്യുമ്പോ ചോദിച്ചിട്ടു വേണ്ടേ ചെയ്യാനെന്നു, ഞാൻ ചോദിച്ചത്, നിങ്ങടെ കടയിൽ ഇല്ലാത്ത QR കോഡ് എന്തിനാ കൊണ്ട് വെച്ചതെന്ന്, എന്റെ ഷോപ്പിലും ആൾക്കാർ ഇത് ചെയ്യുന്നുണ്ട്, എല്ലാരും പൈസ അയച്ചിട്ട്, ഇതാ അയച്ചു എന്നും പറഞ്ഞു മൊബൈൽ കാണിക്കുകയേയുള്ളു എന്നും. ഇല്ലാത്ത QR കോഡ് എന്തിനാ വെച്ചതെന്ന് ചോദിക്കുമ്പോ കടക്കാർ കൈ മലർത്തി. 

ഏതായാലും പൈസ പോയല്ലോ, അത് തിരിച്ചു പിടിക്കാനുള്ള മാർഗം നോക്കണം. ഇല്ലാത്ത അക്കൗണ്ട് ആണേൽ ക്യാഷ് 7 ഡേയ്സ് ഇത് തിരിച്ചു വരും. ഉള്ള അക്കൗണ്ട് ആണേൽ ക്യാഷ് തിരിച്ചു കിട്ടണേൽ ബാങ്ക് വഴി ഡീൽ ചെയ്യണം. ഞാൻ ഉടനെ കാനറാ ബാങ്ക് മാനേജരെ വിളിച്ചു. പുള്ളി കൂൾ ആയി പറഞ്ഞു, ഒന്നും പേടിക്കാനില്ല, പൈസ തിരിച്ചു കിട്ടും, നമുക് ശ്രമിക്കാം, ബട്ട്, നാളെ ക്രിസ്മസ് ആണ്, ശനിയും ഞായറും ബാങ്ക് ഹോളിഡേ ആണ്. തിങ്കളാഴ്ച നേരെ ബാങ്കിലേക്ക് പോന്നോളൂ. എന്നിട്ടും എനിക്ക് സമാധാനമായില്ല. ഞാൻ HDFC ബാങ്ക് കസ്റ്റമർ കെയറിൽ വിളിച്ചു. ഒന്നും പേടിക്കാനില്ല, പൈസ കിട്ടും. ബാങ്കിനെ ബന്ധപ്പെട്ടാൽ മതി. എന്നിട്ടും എനിക്ക് സമാധാനമായില്ല. ഞാൻ കാനറാ ബാങ്ക് കസ്റ്റമർ കെയറിൽ വിളിച്ചു. കസ്റ്റമർ കെയർ ചേട്ടൻ പറഞ്ഞു, കുഴപ്പമില്ല, ക്യാഷ് കിട്ടും, എല്ലാം ശെരിയാക്കാം. എന്നിട്ടപ്പുള്ളി പറയുവാ, ആരോട് ചോദിച്ചിട്ടാ, അവർ അങ്ങനെ ഒരു QR കോഡ് ഒട്ടിച്ചത്? രണ്ടെണ്ണം അവന്മാർക്കിട്ടു പൊട്ടിക്കാൻ. ഇത് കേട്ടപ്പോൾ, എന്റെ കണ്ട്രോൾ പോയി, ഞാൻ ഫോൺ വൈഫിനു കൊടുത്തു. എല്ലാം കേട്ടിട്ട് വൈഫ് പോയി പറയാനുള്ളതൊക്കെ കടക്കാരോട് പറഞ്ഞു. 

സമയം ഒരുപാട് വൈകിയതിനാലും, തിരിച്ച വീട്ടിൽ എത്തേണ്ട അത്യാവശ്യം ഉള്ളതിനാലും പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തിട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. തിരിച്ചു പോകുന്ന വഴി, കാനറാ ബാങ്ക് മാനേജർ ആയ കസിന്റെ ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ പറഞ്ഞത്, പൈസ തിരിച്ചു കിട്ടും. പക്ഷെ മൂന്നു ദിവസം ബാങ്ക് ലീവ് ആയതു കൊണ്ട് തിങ്കളാഴ്ചയെ എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ. ഒരു കുഴപ്പവുമില്ല. ധൈര്യമായിട്ടിരി. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വണ്ടി വിട്ടു. വരുന്ന വഴി, മോന് കുറച്ചു ടോയ്സും വാങ്ങി. 

NB 1: ഇനി മേലാൽ ഞാൻ ഗൂഗിൾ പേ ചെയ്യില്ല, ചെയ്താലും ചോദിച്ചിട്ടേ ചെയ്യുള്ളു.

NB 2: ഇത്രേം നാളും ഫ്രീലാൻസ് ഡിസൈനർ ആയിരുന്ന ഞാൻ ഫുൾ ടൈം ജോബിലേക്കു മാറാൻ പോകുന്ന ഹാപ്പി ന്യൂസിന്റെ ഓഫർ ലെറ്റർ  സർപ്രൈസ്‌ ആയി വൈഫിനെ കാണിക്കാൻ കാത്തിരുന്നതായിരുന്നു ഞാൻ. അത് ചീറ്റി പോയി. പക്ഷെ അത് കാണിച്ചപ്പോ അവളൊന്നു ഹാപ്പി ആയി.

NB 3: ഇന്നുരാവിലെ ആ കടക്കാരൻ വിളിച്ചിരുന്നു. എന്നിട്ടു പറയുവാ, ആ QR കോഡ് അവരുടെ സ്വിപിങ് മെഷീനിന്റെ ആണ്, കുറച്ചു കാലമായി യൂസ് ചെയ്തിരുന്നില്ല. മറന്നു പോയതാണ്. തിങ്കളാഴ്ച അക്കൗണ്ടിൽ പൈസ വരും. അപ്പൊ ഈ എടുത്തു വെച്ച ഐറ്റംസ് പാർസൽ ആയി അയക്കണോ, അതോ പൈസ തിരിച്ചു തന്നാൽ മതിയോ എന്ന്. 

എന്താ ചെയ്യാ!!

Jun 15, 2020

വെടിയില്ല... അടി മാത്രം...

പൈനാവ് എഞ്ചിനീയറിംഗ് കോളേജിന്റെ ചരിത്രത്തിൽ ഇത്രേം പേര് ആദ്യമായി ഒരുമിച്ച് നിന്നത് വർഷങ്ങൾക്കു മുൻപ് ഒരു ആഗസ്റ്റ്‌ മാസത്തിലാണ്. സന്ദർഭത്തിൽ മാത്രം ഇച്ചിരെ വ്യത്യാസം ഉണ്ട്.

കോളേജിൽ നടന്ന സീനിയർ ജൂനിയർ പ്രശ്‍നം, പിന്നീട് പാർട്ടി തലത്തിൽ വളരുകയും പിന്നീട് തല്ലുംപിടിയിൽ അവസാനിക്കുകയും ചെയ്ത ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. 

------------------------------------------------------------------------------------------------------------

അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് തലേന്നേ വിവരം കിട്ടിയിരുന്നു. അതിനാൽ ക്ലാസ്സ്‌ ഉണ്ടാവില്ല എന്ന അറിയിപ്പ്‌ വന്നതോടെ ഞങ്ങൾ കുറച്ചു പേർ ഒട്ടും വൈകാതെ സ്ഥലം കാലിയാക്കി.

പോകുന്ന വഴി അവിടവിടെ കുറേ പേ നില്ക്കുന്നു. എല്ലാവരുടെ മുഖത്തും കട്ട സീരിയസ് ഭാവം. അച്ചായന്റെ ഇന്റർനെറ്റ്‌ കഫെയുടെ പൂമുഖപ്പടിയില്‍ ആരെയോ കാത്തെന്നപോലെ ഷിറിൻ നില്പ്പുണ്ട്, കുറച്ചു മാറി ഷിബിലും. അമ്മൂസിന്റെ വരാന്തയിൽ ഒരു ബീഡീം വലിച്ചുകൊണ്ട് കഞ്ചൻ നിൽക്കുന്നു.

ഞാനും മ്മടെ ഒരു സുഹൃത്തും കൂടി കഫെയുടെ വരാന്തയിൽ ഇരുന്നു ലോക കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് .

ആരാടാ അർണോൾഡ് എന്നും ചോദിച്ചു കൊണ്ട് 
ഒരുത്തൻ വന്നു. ഉടനെ മറ്റൊരുത്തൻ ഞാനാടാ എന്നും പറഞ്ഞു മുന്നോട്ടു വന്നതും അവന്റെ വിരിമാറു നോക്കി എതിരെ നിന്നവൻ ചവിട്ടിയതും ഒരുമച്ചായിരുന്നു.

മാസ്സ് ആകാൻ വന്നവന്റെ ഗ്യാസ് അവിടെ തീർന്നു. അർണോൾഡിന്റെ അണ്ടകടാഹം കലങ്ങിക്കാണും. ചുറ്റുമുള്ളവർ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. കാരണം ചവിട്ടിയവൻ ഇതിനു മുൻപ് യാതൊരുവിധത്തിലുമുള്ള അക്രമ സംഭവങ്ങളിലും പേര് ചേർക്കപ്പെട്ടവൻ അല്ല. മിണ്ടാപൂച്ച കലമുടയ്ക്കും എന്നല്ലേ.

പിന്നെ തുടങ്ങീലെ അടി. അടിയെന്നു പറഞ്ഞാൽ പൊരിഞ്ഞ അടി. അടിമാത്രം. പൊടിപടലങ്ങൾ ഉയർന്നിട്ടു ചുറ്റുമുള്ളവർക്ക് ഒന്നും കാണാൻ പറ്റുന്നില്ല. ടക്സ് കഫെയുടെ വരാന്തയിൽ നിന്നിതെല്ലാം കാണുകയാണ് ഞാൻ. കൂടെ സുബിനും ഷിംജയും ഉണ്ട്. എനിക്കും എഞ്ചിനീയറിംഗ് കോളേജിന്റെ ചരിത്രത്തിൽ എഴുതി ചേർത്ത ആ മഹാ സംഭവത്തിൽ പങ്കുചേരണമെന്നുണ്ട്. രണ്ടു  മൂന്ന് പിള്ളേരെ ഞാൻ നേരത്തെ നോക്കിവെച്ചിട്ടുണ്ടായിരുന്നു. പക്ഷെ മുന്നോട്ടു പോകാൻ പറ്റുന്നില്ല. കാലുകളിൽ ആരോ കൂച്ചു വിലങ്ങിട്ടപോലെ. പിന്നീടാണ് മനസിലായത് എന്റെ രണ്ടു കൈകളിലും സുബിനും ഷിംജയും ബലമായി പിടിച്ചിരിക്കുകയാണെന്ന്. ആ കൂട്ടത്തല്ല് നടത്തുന്നവരിൽ കൂട്ടുകാരും റൂം മെറ്റ്സും ക്ലാസ്സ്‌ മെറ്റ്സും സ്വന്തം പാർട്ടിക്കാരും എല്ലാം ഉണ്ടെന്നു അവർക്കറിയാം. പക്ഷെ അവർ വിട്ടില്ല.

എങ്ങും ആക്രോശങ്ങളും വെല്ലുവിളികളും മാത്രം. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്. തൊട്ടുമുൻപിലുള്ള കുന്നിൻ ചെരുവിൽ നിന്നും എന്തോ ഉരുണ്ടുരുണ്ട് താഴേക്ക്‌ വരുന്നു. ആദ്യം ഞാൻ കരുതി ചെറിയ പാറക്കല്ല് താഴേക്കു വരുന്നതാണെന്ന്. പിന്നെ തോന്നി അതേതോ കാട്ടുപന്നി ബാലൻസ് തെറ്റി കുന്നിൻ മുകളിൽ നിന്ന് താഴേക്കു വീഴുന്നതാണെന്ന്. ഒന്നും മനസിലാകുന്നില്ല. ഏതായാലും ആ ഉരുണ്ടു വന്ന സാധനം താഴെ എത്തിയതും കൂട്ട തല്ലു നടക്കുന്ന സ്ഥലത്ത് നിന്ന് "അമ്മേ..." എന്നൊരു നിലവിളി ഉയർന്നതും ഒരുമിചായിരുന്നു. അടുത്ത നിമിഷം തന്നെ ആ വന്ന സാധനം മല കയറി പോവുകയും ചെയ്തു.

ഇതെന്താപ്പൊ സംഭവിച്ചത്. ആർക്കും ഒന്നും മനസിലായില്ല. എല്ലാവരും അടിയൊക്കെ നിർത്തി ചുറ്റും നോക്കി. അതാ കൂട്ടത്തിന്റെ നടുവിൽ ഒരുത്തൻ കിടക്കുന്നു. അവന്റെ തലയിൽ നിന്നും ചോര ചീറ്റുന്നുണ്ട്. അത്രേയുള്ളൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.

ആ തണുത്ത വെളുപ്പാന്‍ കാലത്തും ഉരുണ്ടുരുണ്ട്‌ വന്ന ഐറ്റത്തിന്റെ  തകർപ്പൻ ഡെലിവറിയിൽ എസ് എഫ് ഐ ക്കാർ തരിച്ചു നിന്നു. അച്ഛനും അമ്മയും താഴത്ത് വെച്ചാൽ ഉറുമ്പരിക്കും, തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ വിചാരിച്ചു വളർത്തി കൊണ്ടുവന്നവനാണ് ചോരയും ഒലിപ്പിചു വെറും റോഡിൽ കിടക്കുന്നത്. അത്രക്കും മ്യാരകമായ ഇടിയായിരുന്നു അത്. കെ എസ് യു ക്കാരും വിരണ്ടു നിൽക്കുകയാണ്. ഒരാളെ ഇടിച്ചു വീഴ്ത്താൻ മാത്രം ആമ്പിയർ തങ്ങളിൽ ഒരുവനു കാണുമെന്നു ഒറ്റയൊരുത്തനും പ്രതീക്ഷിച്ചില്ല.

വാൽകഷ്ണം: കൂട്ടത്തല്ലിനിടയിൽ നഷ്ടപ്പെട്ടു പോയ എസ് എഫ് ഐ കാരന്റെ സ്വർണ മാല, നോട്ട് ദി പോയിന്റ് സ്വർണ മാല, തിരയാൻ ആദ്യം മുന്നോട്ട് വന്നത് ഒരു കെ എസ് യു കാരൻ ആയിരുന്നു.

മാല കിട്ടിയോ ആവോ.  

Dec 17, 2018

ഒരു പാൽ കറന്ന കഥ

ഞാൻ കുഞ്ഞായിരുന്നപ്പോ അനിയനുണ്ടായ സമയത്തു എന്നെ അങ്ങ് നാട്ടിൽ വല്യമ്മച്ചീടെ അടുത്താക്കി. എന്നും വെളുപ്പിന് വല്യമ്മച്ചി പശുവിന്റെ പാൽ കറക്കാൻ പോകും. എനിക്ക് വല്യമ്മച്ചിയേയും പശുവിനെയും  പേടിയായതിനാൽ ദൂരെ മാറിനിന്നാണ് ഞാൻ ഇത് കാണുന്നത്. പുറം തിരിഞ്ഞിരിക്കുന്ന വല്യമ്മച്ചി എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കിലും അങ്ങനെ ഇരുന്നാൽ ശൂ ശൂ എന്ന്  പാൽ വരുമെന്നാണ് ഞാൻ കരുതിയിരുന്നത്. 

ഒരു ദിവസം വെളുപ്പാൻ കാലത്തു കുഞ്ഞമ്മ നോക്കിയപ്പോൾ എന്നെ കാണുന്നില്ല. അവസാനം തൊഴുത്തിന്റെ അടുത്ത് മുകളിൽ പറഞ്ഞ പശൂന്റെ കീഴിൽ നിന്നും മാനത്തോട്ടു നോക്കിയിരിക്കുന്ന നിലയിൽ എന്നെ കണ്ടുകിട്ടി. പിടിച്ചു രണ്ടെണ്ണം പൊട്ടിച്ചപ്പോ ഞാൻ മണിമണി പോലെ സത്യം പറഞ്ഞു. ഞാൻ വല്യമ്മച്ചി ചെയ്യുന്ന പോലെ പുറം തിരിഞ്ഞു ഇരുന്നു ട്രൈ ചെയ്തതാണത്രേ. അങ്ങനെ ഇരുന്നാൽ പാല് ശൂ ശൂ എന്നു വരുമല്ലോ. 


 ആ പശു പാവമായതു കൊണ്ട് ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട്.

Dec 9, 2018

ആകസ്മികം

കോളേജിൽ പഠിക്കുമ്പോ എനിക്ക് ഒരു കുട്ടിയോടുണ്ടായിരുന്ന ചെറിയ ഇഷ്ടം ഒരു ടൂറിനിടയിൽ എങ്ങനെയോ പുറത്തുവന്നു അവസാനം അവൾക്കൊഴികെ ബാക്കി ആ കോളേജിലെ എല്ലാർക്കും അറിയാമെന്ന അവസ്ഥയായി.

ഒടുവിൽ എല്ലാരുടേം നിർബന്ധത്തിനു വഴങ്ങി ഞാൻ ഇഷ്ടം നേരിട്ട് പറഞ്ഞു. പക്ഷെ അവളുടെ മറുപടി കേട്ട് ആ ജില്ല തന്നെ ഞെട്ടിത്തരിച്ചു പോയി. പിന്നെ എന്റെ നിഴലടിച്ചാൽ മതി, ഒരു അഞ്ചു മൈൽ മുന്നേ അവൾ വഴി തിരിഞ്ഞ് പോകും.

ഏതായാലും കോളേജ് കഴിഞ്ഞു ഒരു പതിനഞ്ചു കൊല്ലം കഴിഞ്ഞു ഒരു ഫേസ്ബുക് റിക്വസ്റ്റ് ഞാൻ അയച്ചപ്പോ അത് അവൾ സ്വീകരിച്ചു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. തീർത്തും ആകസ്മികമായിരുന്നു അത്. ഇനി അബദ്ധത്തിൽ എങ്ങാനും പറ്റിയതാണോ എന്ന് ഡൌട്ട് അടിച്ചു ഞാൻ ഒരു സ്മൈലി മെസ്സേജും വിട്ടു നോക്കി. അത് സീൻ നോട്ടിഫിക്കേഷനും കിട്ടി.  ഇനി എന്നേലും നേരിൽ കാണുമ്പോൾ വഴി മാറിപോകുമോ എന്ന് നോക്കാം.