ഒക്ടോബര്‍ രണ്ട്. രാത്രി. സമയം ഏതാണ്ട് ഒമ്പത് കഴിഞ്ഞു . ഞങ്ങള്‍ നാലുപേര്‍. ഗള്‍ഫുകാരന്‍, ബംഗ്ലൂരുകാരന്‍, അപ്കമിംഗ് ടെറര്‍ ചുള്ളകാട്ടില്‍ ബാബൂട്ടന്‍ പിന്നെ നിഷ്കളങ്കന്‍ സതീശന്‍. ഗള്‍ഫുകാരന് കുവൈറ്റില്‍ എന്തോ പണിയാണ്. ബംഗ്ലൂരുകാരന്‍ ഈ ഞാന്‍. സതീശന്‍ പെയിന്റെര്‍ ആണ്. അപ്കമിംഗ് ടെറര്‍ ചുള്ളകാട്ടില്‍ ബാബൂട്ടന് പ്രത്യേകിച്ച് പണിയൊന്നുമില്ല. സ്വന്തം പഞ്ചായത്തിലെ പെണ്‍പിള്ളേരെ ലൈനടിക്കലാണ് ഒരു പണി. ഇപ്പോള്‍ സ്വന്തം പഞ്ചായാത്തെല്ലാം വിട്ടു അയല്‍ ജില്ലകളിലേക്ക് തന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി അയല്‍ ജില്ലയില്‍ വെച്ചു തൊട്ടടുത്ത ദിവസം നടക്കുന്ന ഒരു കല്ലിടീല്‍ ചടങ്ങിനെ കുറിച്ചു സംസാരിക്കുകയാണ് പുള്ളി. പെട്ടെന്നാണ് അവന് വെള്ളമടിക്കണം എന്നോരാഗ്രഹം തോന്നിയത്. അതവന്‍ പറയുകയും ചെയ്തു.
"എടാ എനിക്ക് രണ്ട് തുള്ളി മദ്യം കഴിക്കാനോരാഗ്രഹം. വാ നമുക്കൊന്ന് ടൌണിലെക്കിറങ്ങാം".
"എടാ ഇന്നു ഒക്ടോബര്‍ രണ്ട് ആണ്. ബാറുകളൊന്നും ഉണ്ടാവില്ല". സതീശന്‍ പറഞ്ഞു.
"എന്നാലും വാ.. ബ്ലാക്കില്‍ കിട്ടും. സ്ഥലം എനിക്കറിയാം" .അവന്‍ പറഞ്ഞു.
അങ്ങനെ അല്പ്പസമയത്തിനു ശേഷം ഗള്‍ഫുകാരന്റെ 89 മോഡല്‍ മഹിന്ദ്ര ജീപ്പില്‍ ഞങ്ങള്‍ നാല്‍വര്‍ മദ്യവേട്ടക്കിറങ്ങി. ആദ്യം പോയത് നഗരത്തിലെ ബാറിലെക്കാണു. അവിടെയെത്തിയപ്പോള്‍ ഒരു പൂരത്തിനുള്ള ആള്‍ക്കൂട്ടം. കൂടാതെ അതില്‍ ചില പരിചിത മുഖങ്ങളും. അവിടുന്ന് നേരെ പോയത് മിലിട്ടറി സാധനം വില്‍ക്കുന്ന ഒരു ചേച്ചിയുടെ വീട്ടിലേക്കാണ്. അവിടെയും സ്റ്റോക്കില്ല. അടുപ്പിച്ചു രണ്ട് ദിവസം ലീവായത് കൊണ്ടു എല്ലാം നേരത്തെ വിറ്റുപോയത്രേ. അങ്ങനെ രണ്ടുമൂന്നിടങ്ങളിലെല്ലാം കേറി നിരങ്ങിയെങ്കിലും ഫലം തഥൈവ. പിന്നെയുള്ളത് നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു ഒരു മൂലക്കുള്ള പുതുതായി തുടങ്ങിയ ഒരു ബാറിലെക്കാണ്.
പക്ഷെ അവിടെത്തിയപ്പോള്‍ ആ ബാറിന്‍റെ ഗേറ്റെല്ലാം ചങ്ങലയിട്ടു കെട്ടി അടച്ചിട്ടിരിക്കുന്നു. അപ്പോള്‍ ബാബൂട്ടന്‍ പറഞ്ഞു അതിന്റെ മുന്നില്‍ പോയി സിഗ്നല്‍ കാണിച്ചാല്‍ മതി, ആരെങ്കിലുമൊക്കെ ഇറങ്ങിവരുമെന്നു.
സിഗ്നല്‍ എന്ന് വച്ചാല്‍ ഗേറ്റിനു മുന്നില്‍ പോയി ജീപിന്‍റെ ലൈറ്റ് കെടുത്തുക, ഓണാക്കുക പിന്നേം കെടുത്തുക, ഓണാക്കുക. അതനുസരിച്ച് ജീപ്പോടിച്ചിരുന്ന നമ്മുടെ ഗള്‍ഫുകാരന്‍ ലൈറ്റ് കെടുത്താനും ഓണാക്കാനും തുടങ്ങി. പക്ഷെ ചെയ്തു ചെയ്തു അവന്റെ കയ് വേദനിച്ചതല്ലാതെ അകത്തു നിന്നും ഒരു പുന്നാര മോനും ഇറങ്ങി വന്നില്ല. അവസാനം എല്ലാ ശ്രമങ്ങളും ഞങ്ങള്‍ പതിയെ ജീപ്പ് പുറകോട്ടെടുത്തു. ആ സമയത്തു ഒരു വിദേശ നിര്‍മിത വാഹനം ഞങ്ങളുടെ ജീപ്പിനെ കടന്നു പോയി. കടന്നു പോകുമ്പോള്‍ ബാബൂട്ടന്‍ വിളിച്ചു പറഞ്ഞു പോയിട്ട് കാര്യമോന്നുമില്ലായെന്നു. പക്ഷെ അവര്‍ അത് കാര്യമാക്കാതെ മുന്നോട്ടു പോയി ബാറിനു മുന്‍പില്‍ നിര്‍ത്തി. അപ്പോള്‍ സതീശന്‍ പറഞ്ഞു "എടാ അവര്‍ക്ക് സാധനം കിട്ടുന്നുണ്ടോ എന്ന് നോക്കാം. എന്നിട്ട് നമുക്കു പോകാം". ഗള്‍ഫുകാരന്‍ ജീപ്പ് ഒരു സൈഡിലേക്കൊതുക്കിയിട്ടു. എല്ലാവരും അവരെ തന്നെ നോക്കിയിരിപ്പായി.
ഞാന്‍ നോക്കുമ്പോള്‍ ആ വാഹനത്തില്‍ നിന്നും മാഫിയ ശശി, കനല്‍ കണ്ണന്‍, അബു സലിം, ഭീമന്‍ രഘു എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേര്‍ ഇറങ്ങി. പെട്ടെന്നൊരാള്‍ ബാറിനകത്ത് നിന്നും ഓടി വന്നു. അതുകണ്ടതും അപ്കമിംഗ് ടെറര്‍ ചുള്ളകാട്ടില്‍ ബാബൂട്ടന്‍ ജീപ്പില്‍ നിന്നും ഇറങ്ങിയോടി. എന്തൊരു ശുഷ്കാന്തി. അവനീ ശുഷ്കാന്തി പഠിത്തത്തില്‍ കാണിച്ചിരുന്നേല്‍ എന്നേ പ്ലസ്റ്റു പാസായേനെ.. പ്രേമിക്കുന്ന പെണ്ണിനോട് കാണിച്ചിരുന്നേല്‍ എന്നേ അവനൊരു തന്തയായേനെ..
അവനവിടെ കുറച്ചു നേരം ചുറ്റിപറ്റി നിന്നു. പിന്നെ കാണുന്നത് പോയ ആള്‍ അതിനേക്കാള്‍ സ്പീഡില്‍ മടങ്ങി വരുന്നതാണ്. ജീപ്പില്‍ കേറിയ ഉടനെ അവന്‍ പറഞ്ഞു, " വിട്ടോ വിട്ടോ പോലീസ് ഉണ്ട് റോഡില്‍". പോലീസ് എന്നുകേട്ടതും ഗുള്‍ഫുകാരന്‍ ആ ഇത്തിരിപോന്ന ചെറിയ റോഡിലിട്ടു ആ മുട്ടന്‍ ജീപ് തിരിച്ചു. മെയിന്‍ റോഡിലെത്തി. അവിടെ പോലീസ് പോയിട്ട് ഒരു പൂച്ചകുട്ടിയെ കൂടി ഞങ്ങള്‍ കണ്ടില്ല.
പോലിസിനെയൊന്നും കാണാത്തതിനാല്‍ ഗള്‍ഫുകാരന്‍ ജീപ്പിന്റെ വേഗത കുറച്ചു. പിന്നിലായി അകന്നകന്നു പോകുന്ന ബാറിനെ നോക്കി നെടുവീര്‍പ്പിടുന്നതിനിടയിലാണ് നിഷ്കളങ്കന്‍ സതീശന്‍ അത് ശ്രദ്ധിച്ചത്. ഒരു വെളുത്ത നിറമുള്ള വസ്തു പതിയെ ജീപ്പിനെ പിന്തുടരുന്നു. പൊടുന്നനെ രണ്ടു തീക്കണ്ണുകള്‍ അതിന് മുന്നിലായി ജ്വലിച്ചു. "പോലീസ്.. വിട്ടോടാ" എന്ന് സതീശന്‍ വിളിച്ചു പറഞ്ഞതും ഗള്‍ഫുകാരന്റെ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് മുന്നില്‍ നിന്നും മറ്റൊരു പോലീസ് ജീപ്പ് കുറുകെ ചാടി. ജീപ്പ് നിര്‍ത്തുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു. ദൈവമേ ഈ പാവം പ്രജകളെ പിടിക്കാന്‍ ജില്ലയിലെ മൊത്തം പോലീസും ഇറങ്ങിയിരിക്കുകയാണോ എന്നൊരു ആത്മഗതം ഗള്‍ഫുകാരനില്‍ നിന്നും ഉയര്ന്നു. പിന്തുടര്‍ന്ന് വന്ന പോലീസ് ജീപ്പ് ഇതിനോടകം തന്നെ ഞങ്ങള്‍ക്കരികിലായി നിര്ത്തിയിരുന്നു. അതില്‍നിന്നും സ്ഫടികം ജോര്‍ജിനെ പോലെയുള്ള ഒരുത്തന്‍ ഇറങ്ങിവന്നു. ബാബൂട്ടന്‍ വിറക്കാന്‍ തുടങ്ങി. സതീശന്റെയും ഗള്‍ഫുകാരന്റെയും മുഖത്ത് പേടിയുടെ ലക്ഷണം ഇല്ലെങ്കിലും രണ്ടുപേര്‍ക്കും ഭയമുണ്ടെന്നെനിക്ക് മനസ്സിലായി. എനിക്ക് പണ്ടേ പോലീസിനെ പേടിയില്ല.. (എന്‍റെ പേരിലും ഉണ്ട് രണ്ടുമൂന്നു പോലീസ് കേസ്.. അങ്ങ് ഇടുക്കി പോലീസ് സ്റ്റേഷനില്‍...) ഇറങ്ങി ചെന്നു വാട്ട് ഡു യു വാണ്ട് സര്‍..?? എന്ന് ചോദിച്ചാലോ എന്ന് കരുതിയതാണ് ഞാന്‍. പിന്നെ പോലീസിനെ ഇംഗ്ലീഷ് പറഞ്ഞു പേടിപ്പിച്ചു എന്ന പേരില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലും വരും അടുത്ത കേസ്. എന്‍റെ അച്ഛന്റെ പേരു നാറും. (എന്‍റെ പേരു പണ്ടേ നാറിയതാണല്ലോ).
ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന ഗള്‍ഫുകാരനോട് ആ പോലിസുകാരന്‍ ഊതാന്‍ പറഞ്ഞു. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ അവന്‍ ശക്തിയായി അയാളുടെ മുഖത്തെക്കൂതി. ഉടനെ അടുത്തിരുന്ന ബാബൂട്ടന്‍ "ഞാനും ഊതട്ടെ സാറേ" എന്നയാളോട് ചോദിച്ചു. "നിനക്കു ഞാന്‍ ചാന്‍സ് തരാം" എന്ന് പറഞ്ഞു കൊണ്ടു അയാള്‍ ഡോര്‍ തുറന്നു വണ്ടി ചെക്ക് ചെയ്യാന്‍ തുടങ്ങി. അയാളുടെ നോട്ടം മുഴുവന്‍ പിന്നിലിരുന്ന സ്പീക്കര്‍ ബോക്സിലായിരുന്നു. അതിനകത്ത് കുപ്പി വല്ലതും ഒളിപ്പിച്ചിട്ടുണ്ടാവുമോ എന്നാണു അയാളുടെ സംശയം. തപ്പി തപ്പി ഒന്നും കിട്ടാതെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു, "ഒന്നും കിട്ടിയില്ലേടാ" എന്ന്. "അവന്മാരോന്നും തന്നില്ല സാറേ" എന്ന് ബാബൂട്ടന്‍ പറഞ്ഞു. "ആ ശരി വിട്ടോടാ" എന്ന് പറഞ്ഞു ആ പോലീസ്കാരന്‍ നടന്നു നീങ്ങി.
യാത്ര തുടര്‍ന്നപ്പോള്‍ ബാബൂട്ടന്‍ പറഞ്ഞു."ആ പോലീസുകാര്‍ മറ്റേ വണ്ടിയിലിരുന്നവരെ പൊക്കാന്‍ വന്നതാ.. അവന്മാര്‍ മൊത്തം വെള്ളത്തിലായിരുന്നു. റോഡിലിറങ്ങിയാല്‍ പോലീസ് പിടിക്കും എന്നുറപ്പുള്ളതുകൊണ്ടാണ് അവന്മാര്‍ ബാറിന്റെ പരിസരത്തുനിന്നും മാറാതിരുന്നത്. നമ്മള്‍ ആദ്യം പോയതുകൊണ്ട് അവന്മാര്‍ നമ്മളെ പൊക്കി". ആ ഏതായാലും സംഭവിക്കാനുള്ളതു സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ നഗരമധ്യത്തിലുള്ള ബാറിലേക്ക് നീങ്ങി.
പക്ഷെ അവിയെത്ത്തിയപ്പോള്‍ നേരത്തെ കണ്ടപോലത്ത്തെ ആള്‍ക്കൂട്ടമോ ബഹളമോ ഒന്നുംതന്നെയില്ല. ആളൊഴിഞ്ഞ ഉല്‍സവപറമ്പു പോലെ.. ഞങ്ങളെ കണ്ടപ്പോള്‍ വാച്മാന്‍ കൈ മലര്‍ത്തി കാണിച്ചു. എല്ലാം തീര്ന്നു പോയാച്ച്.. അയാള്‍ സവിനയം അറിയിച്ചു. പത്തര കഴിഞ്ഞിരുന്നു അപ്പോള്‍. ഇനി കുപ്പി കിട്ടാന്‍ സാധ്യത ഇല്ലെന്നു മനസ്സിലായി. വിഷണ്ണരായി ഇരിക്കുന്ന സമയത്താണ് ബാബൂട്ടന്റെ മണ്ടയില്‍ അടുത്ത ഐഡിയ ഉദിച്ചത്. എടാ നമുക്കൊന്നുകൂടി പഴേ ബാറിന്റെ അടുത്ത് പോയി നോക്കിയാലോ. പോലീസ് ഒക്കെ പോയി കാണും. എങ്ങാനും ഒത്താ പിന്നെ അടിച്ചു പൊളിക്കാം. അങ്ങനെ അവന്റെ വാക്കും വിശ്വസിച്ചു ഞങ്ങള്‍ വീണ്ടും വണ്ടി വളച്ചു. വളരെ പതുക്കെയാണ് ഞങ്ങള്‍ പോയികൊണ്ടിരുന്നത്. പരിസരമൊക്കെ വീക്ഷിച്ചുകൊണ്ട്.. അങ്ങനെ ബാറിലെത്തി. വീണ്ടും ഞങ്ങള്‍ സിഗ്നല്‍ കൊടുത്തു, ലൈറ്റ് കെടുതിയും ഓണാക്കിയും. പക്ഷെ ഇത്തവണയും ആരും ഇറങ്ങി വന്നില്ല. ഒടുവില്‍ നിരാശനായ ബാബൂട്ടന്‍ പരിപാടി ഉപേക്ഷിക്കാം എന്ന് പറഞ്ഞു. ഗള്‍ഫുകാരന്‍ വണ്ടി റിവേഴ്സ് എടുത്തു മെയിന്‍ റോഡില്‍ കൊണ്ടു കേറ്റി. അവന്‍ റിവേഴ്സില്‍ നിന്നും ഫസ്റ്റിലെക്കിട്ടു മുന്നൊട്ടെടുത്തതും ബ്രേക്ക് ചവിട്ടിയതും ഒരുമിച്ചായിരുന്നു. മുന്നില്‍ പഴേ വെള്ള പോലീസ് ജീപ്പ് തീക്കണ്ണും ഇട്ടോട്ടു നില്ക്കുന്നു. അതില്‍ നിന്നും പഴേ സ്ഫടികം ജോര്‍ജ് ഇറങ്ങി. അപ്കമിംഗ് ടെറര്‍ ആയ ചുള്ളകാട്ടില്‍ ബാബൂട്ടന്‍ ഇരുന്നു വിറക്കാന്‍ തുടങ്ങി. വണ്ടിയുടെ അടുതെത്തിയപ്പോഴാണ് അയാള്‍ക്ക് ഇതു പഴേ ടീംസ് ആണെന്ന് മനസ്സിലായത്. കണ്ടയുടനെ അയാള്‍ ചോദിച്ചത് ഇതായിരുന്നു," ന്ഹെ നിങ്ങളോ..... നിങ്ങള്‍ക്കിതുവരെ കുപ്പി കിട്ടിയില്ലേടാ...."
അവസാനം നഗരത്തിലെ ഒരു ലോക്കല്‍ തട്ടുകടയില്‍ നിന്നും നെയ്ച്ചോറും ചിക്കന്‍ 65 ഉം കഴിച്ചു ഞങ്ങള്‍ തിരിച്ചു പോയി.നിര്‍ത്തി
No comments:
Post a Comment