May 24, 2010

ആദ്യത്തെ പെണ്ണുകാണൽ

എനിക്ക് കല്യാണ പ്രായമായെന്നു അച്ചനും അമ്മയ്ക്കും എന്ന് തോന്നിയോ, അതിനു പിറ്റേ നാള്‍ മുതല്‍ എനിക്ക് കഷ്ട കാലമായിരുന്നു. ഭൂലോകത്തുള്ള സകല പത്രമായ പത്രങ്ങള്‍ ഒക്കെ വീട്ടിലേക്കു വരുത്തും. എനിട്ട്‌ പരീക്ഷക്ക്‌ പഠിക്കുന്നത് പോലെ ഒരു പഠിത്തമാണ് രണ്ടു പേരും ചേര്‍ന്ന്. എനിട്ട്‌ ഷോര്ട്ട് ലിസ്റ്റ് ചെയ്യപെട്ടവരുടെ ലിസ്റ്റ് എനിക്ക് അയച്ചു തരും. പക്ഷെ ഞാനാരാ മോന്‍. കെട്ടാന്‍ പോകുന്ന പെണ്‍കുട്ടി ഇങ്ങനെ ഒക്കെ ആകണമെന്ന് എനിക്ക് ചില കാഴ്ച്ച പ്പാടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇതു ആലോചന വന്നാലും ഞാന്‍ പറയും ഇവള്‍ക്ക് പൊക്കമില്ല, ഇവള്‍ വെളുത്തു പോയി അല്ലേല്‍ കണ്ടാലെ അറിയാം ജാടയാ എന്നൊക്കെ (requirements മീറ്റ്‌ ചെയ്യണമല്ലോ). ഓരോ ആഴ്ചയും അച്ചന്‍ വിളിക്കും, പുതിയ ആലോചന വന്നിട്ടുണ്ടെന്ന് പറയും, ഞാന് പേരും നാളും ചോദിക്കും, matrimonial സൈറ്റില്‍ കേറി തപ്പും. ഒന്നുകില്‍ അവള്‍ മുടിഞ്ഞ ഗ്ലാമര്‍ ആയിരിക്കും അല്ലേം വെളുത്തിട്ടായിരിക്കും, അല്ലേല്‍ എന്നേക്കാള്‍ ശംബളക്കാരി ആയിരിക്കും. അവസാനം എല്ലാറ്റിനേം ഞാന് ഗെറ്റൌട്ട് അടിക്കും. അങ്ങനെ സ്വപ്നത്തിലെ പെണ്‍കുട്ടിയെ കിട്ടാനുള്ള എന്റെ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോയി. 

അങ്ങനെ ഇരിക്കെയാണ് ഈ ആലോചന വന്നത്.

ആ കുട്ടിക്കും എന്റെ ജാതകത്തിലെ അതെ പ്രശ്നം ഉണ്ടത്രേ. പെന്കുട്ടീടെ വീട്ടുകാര്‍ക്ക് ഭയങ്കര താല്പര്യം. കാശുകാരാണ്, പെണ്‍കുട്ടി എജീനീയറും. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ഏതാണ്ട് ഒരു വഴിയായി. അങ്ങനെ പെണ്ണുകാണാന്‍ പോകാം എന്നൊക്കെ ധാരണ ആയി. അപ്പൊ ഞാന്‍ ഇടപെട്ടു, അഛാ ആദ്യം ആ കുട്ടിയുടെ ഫോട്ടോ അയച്ചു തരാന്‍ പറ. അല്ലേല്‍ ആദ്യം എന്റെ ഫോട്ടോ അയച്ചു കൊടുക്കാം. ഇഷ്ടപെട്ടാല്‍ മാത്രം മുന്നോട്ടു പോയാല്‍ മതിയല്ലോ... അതല്ലേ നല്ലത്. വെറുതെ അവിടെ വരെ പോയി കുട്ടിയെ കാണലും മറ്റും ഒഴിവാക്കാമല്ലോ.. പൈസയും ലാഭിക്കാം. (പെട്രോളിനൊക്കെ എന്താ വില). പിന്നെ എന്റെ മുടിഞ്ഞ ഗ്ലാമറിനു പറ്റിയ പെണു്കിട്ടാന് ഭയങ്കര പാടാണല്ലോ.. പക്ഷെ പെണ്‍വീടുകാര്ക്ക് കുട്ടിയുടെ ഫോട്ടോ അയച്ചു തരാന്‍ ഭയങ്കര മടി. അതോടെ ഞാന്‍ ഉറപ്പിച്ചു. ഇവളേതോ ഭൂലോക സുന്ദരി തന്നെ. കണ്ടു പിടിച്ചിട്ടു തന്നെ കാര്യം. ഞാന്‍ ഓര്‍കുട്ടായ ഓര്‍കുട്ടും ഫേസ് ബുക്കായാ ഫേസ് ബുക്കും എല്ലാം പരതി. എവിടുന്നു, ഫോട്ടോ പോയിട്ട് ആ പേരില്‍ ഒരു സ്ത്രീ ജനം പോലുമില്ലെന്ന് ഗൂഗിള്‍ വെണ്ടയ്ക്ക നക്ഷത്രത്തില്‍ എനിക്ക് എസ് എം എസ് ചെയ്തു. ഓര്‍കുട്ടിലും ഫേസ്ബുക്കിലും മെംബര്‍ഷിപ് എടുക്കാത്ത സോഫ്റ്റ്‌വെയര്‍ എജിനീയറോ, അത്ഭുത്മായിരിക്കുന്നു.ചിലപ്പോ ഇതായിരിക്കും ഞാന്‍ ഇത്രയും കാലം നോക്കിനടന്നിരുന്ന കുട്ടി, എന്റെ ലൈഫ് പാര്ട്നെര്‍... എന്നെല്ലാം വിശ്വസിച്ചു അവസാനം അവളെ കാണാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ഞാന് റെഡി ആണെന്ന കാര്യം വീട്ടില്‍ വിളിച്ചറിയിച്ചു. കൂടികാഴ്ച ഏതെങ്കിലും അമ്പലത്തിലോ (ഭക്തി മാര്‍ഗം) മറ്റോ ആകിയാല്‍ മതി എന്ന് പറയുകയും ചെയ്തു. അപ്പൊ അച്ചന്‍ അത് പറ്റില്ല മോനെ വീട്ടില്‍ തന്നെ പോയി കാണണം എന്ന് പറഞ്ഞു. അഛാ അതൊക്കെ കുറച്ചു ഒവറല്ലേ... എന്തിനാ ഫോര്മാലിറ്റീസ് ഒക്കെ... അത് പറ്റില്ല മോനെ.. വീട്ടില്‍ തന്നെ പോയി കണ്ടാല്‍ മതിയെന്ന് അച്ഛന്‍.. പെണ്‍വീട്ടുകാര്ക്കൊരേ നിര്‍ബധം പെണ്ണുകാണല്‍ അവരുടെ വീട്ടില്‍ തന്നെ വേണംമെന്നു.. ഹുഹ്..ആയികോട്ടെ...

പിറ്റേന്ന് മുതല്‍ ഞാന് ഘംഭീരമായ വര്‍ക്ക്‌ ഔട്ട്‌ തുടങ്ങി. പെണ്‍വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യികണ്ടേ.... രാവിലെ ഓഫീസ് കാബ് പിടിക്കാന്‍ നടന്നു പോകാനും തുടങ്ങി. ഹോ സമ്മതിക്കണം.. അങ്ങനെ ആ ദിവസം വന്നെത്തി. അതിരാവിലെ 7 മണിക്ക് ഞാന് ബാംഗ്ലൂരില്‍ നിന്ന് വീട്ടില്‍ ലാന്‍ഡ്‌ ചെയ്തു. കുളിച്ചൊരുങ്ങി മേക് അപ്പ് ഒക്കെ ഇട്ടു. മസ്സില്‍ പിന്നേം പെരുപ്പിക്കാന്‍ വേണ്ടി പുഷ് അപ്സ് എടുക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയില്‍ ആണ് ഞാന്‍ അത് ശ്രദ്ധിച്ചത്.. ഫാദെര്‍ജി പതിവില്ലാത്ത വിധം ഡ്രസ്സ്‌ ചെയ്തു മേക് അപ്പ് ഒക്കെ ഇടുന്നു. ഞാന് ചുമ്മാ ചോദിച്ചു, അച്ചന്‍ എങ്ങോട്ടാ പോകുന്നത്?? "ഞാന് ചുമ്മാ ടൌണ്‍ വരെ", പുള്ളി പറഞ്ഞു. ഓക്കേ ശരി.. ഞാന്‍ കാറില്‍ കേറി ഇരുന്നു, വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു, ദെ പുള്ളി പാഞ്ഞു വന്നു കാറില്‍ കേറി ഇരിക്കുന്നു. ഞാന് ഞെട്ടി. അച്ഛന്‍ എങ്ങോട്ടാ?? ഞാന് ചോദിച്ചു. ഞാനും വരുന്നു നിങ്ങളുടെ കൂടെ..അച്ഛന്‍ പറഞ്ഞു.

പ്ലാന്‍ പ്രകാരം ഞാനും ഫ്രെണ്ടും പോയി പെങ്കുട്ടിയെ കാണും. ഇഷ്ടപ്പെട്ടാല്‍ മാത്രം അച്ഛനും അമ്മയും വന്നു കാണും എന്നായിരുന്നു. ഞാന്‍ അത് ഓര്‍മ്മിപ്പിച്ചപ്പോള് അതെന്താ ഞാന് വരണ്ടേ എന്നു അച്ചന്‍ നാഗവല്ലി സ്റ്റൈലിൽ എന്നോട് ചോദിച്ചു. ഞാൻ ഞെട്ടി.. അച്ചന്‍ വന്നാലുള്ള ഗുലുമാലുകളെ കുറിച്ചോര്‍ത്തപ്പോള്‍ സത്യം പറയാമല്ലോ ഞാൻ പിന്നെയും ഞെട്ടി. പഴേ കുറെ അനുഭവങ്ങളുണ്ടല്ലോ...

ഏതായാലും വരുന്നത് വരെട്ടെ എന്ന് കരുതി ഞാന്‍ അച്ചനേം കൂട്ടി ഫ്രെണ്ടിന്റെ വീടിലെത്തി. അവിടെയെത്തിയപ്പോള്‍ ഞാന്‍ പിന്നേം പിന്നേം ഞെട്ടി. അവനതാ കസവു മുണ്ടൊക്കെ ഉടുത്തു സുന്ദര കുട്ടപ്പനായി നില്‍ക്കുന്നു.. ആഹാ പെണ്ണ് കാണാന്‍ പോകുന്ന എന്നെക്കാള്‍ ഗ്ലാമര്‍ നിനക്ക് വേണ്ട.. എന്ന് പറഞ്ഞു ഞാന് അവനെ കൊണ്ട് മുണ്ടൊക്കെ അഴിച്ചു വചെച്ചു ഒരു മുഷിഞ്ഞ ജീന്‍സ് ഇടീപ്പിച്ചു. പിന്നെ യാത്ര തുടര്‍ന്നു. കാര്‍ ടൌണില്‍ എത്തിയപ്പോള്‍ ഞാന് ഒന്ന് കൂടി അച്ചനോട് ചോദിച്ചു "അഛാ ഞങ്ങള്‍ രെണ്ട്‌ പേരും കൂടി പോയി കണ്ടാല്‍ പോരെ... മൂന്നു പേര് കൂടി ഒരു വഴിക്ക് പോയാല്‍ ഒന്നും ശരിയാവില്ലത്രേ..". ആ നമ്പറില്‍ അച്ചന്‍ വീണു. എന്നാ മക്കള്‍ പോയിട്ട് വാ.. എന്നും പറഞ്ഞു അച്ചന്‍ അവിടെ ഇറങ്ങി. സൂക്ഷിച്ചൊക്കെ പോണേ എന്നും പറഞ്ഞു അച്ചന്‍ ഞങ്ങളെ യാത്രയാക്കി.

പിന്നീടുള്ള ഒന്നര മണിക്കൂര്‍ യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതല്‍ മനോഹരമാക്കുവാന്‍ ഞാന്‍ ഡ്രൈവിംഗ് വീല്‍ ഫ്രെണ്ടിനു കൊടുത്തു. എനിട്ട്‌ സ്വപ്‌നങ്ങള്‍ കാണുവാന്‍ തുടങ്ങി. റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ വലിയ മരങ്ങള്‍ ആയി മാറി. നിബിഢമായ പച്ച. അതിനിടയിലൂടെ നാട പോലെ കിടക്കുന്ന ചെമ്മണ്‍ പാത. അതില്‍ അടര്‍ന്നു വീണു കിടക്കുന്ന പൂക്കള്‍. അങ്ങനെ സ്വപ്നങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നു. പെണ്‍കുട്ടിയുടെ അച്ചനും ചേട്ടനും ചേര്‍ന്ന് എന്നെ അകത്തേക്ക് കൈ പിടിച്ചു ആനയിച്ചു ഒരു മൂലയ്ക്ക് പ്രതിഷ്ഠിച്ചു. പിന്നെ അറക്കാന്‍ കൊണ്ടുവന്ന പോത്തിന്റെ അവസ്ഥയായിരുന്നു എനിക്ക്. ചുറ്റും ആള്ക്കാര്. ഇടക്കിടെ ആരൊക്കെയോ വന്നെത്തി നോക്കുന്നു. എന്തൊക്കെയോ പറയുന്നു. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. കൃത്യസമയത് കുട്ടിയുടെ അമ്മ നാരങ്ങ വെള്ളവുമായി വന്നു. കുടിചോളാന്‍ ആയമ്മ സ്നേഹത്തോടെ പറഞ്ഞെങ്കിലും ഞാനൊന്ന് മടിച്ചു. ഇനി ചായ കുടിക്കാനുള്ളതല്ലേ.. എങ്ങാനും പിരിഞ്ഞാലോ??.

അതികം വൈകാതെ തന്നെ ചോദ്യോക്ത്തര പംക്തി ആരംഭിച്ചു. എല്ലാ ചോദ്യങ്ങളും 2-3 വാക്യത്തില്‍ കവിയാതെ ഉത്തരം പറയാനുള്ളതായിരുന്നു. ജോബ് ഇന്റര്‍വ്യൂ വിനു പോലും ഞാന്‍ ഇത്ര മനോഹരമായി പെര്ഫോം ചെയ്തിട്ടില്ല. അങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ മുറക്ക്‌ പോയി. ഉത്തരം പറഞ്ഞു ക്ഷീണിക്കുമ്പോള്‍ കൃത്യമായി കുട്ടിയുടെ അമ്മ നാരങ്ങ വെള്ളവുമായി വരും. അങ്ങനെ അരമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ ചിലങ്ക ശബ്ദം കേട്ടു. അതെ ഇതവള്‍ തന്നെ. ഞാന്‍ ഉറപ്പിച്ചു. അണിഞ്ഞൊരുങ്ങി സര്‍വാഭരണ ഭൂഷിതയായി സാരിയോക്കെയുടുത് മുന്നിലേക്ക്‌ വരുന്ന പെണ്‍കുട്ടിയെയും കാത്തിരുന്ന എനിക്ക് തെറ്റി, എനിക്ക് മാത്രമല്ല എന്റെ ഫ്രെണ്ടിനും തെറ്റി. ദെ എന്‍റെ ഇരട്ടി വണ്ണമുള്ള ഒരുത്തി കോട്ടുവാ ഒക്കെ ഇട്ടു, ഉറക്ക ചടവോടെ, കുളിക്കാതെ, എന്തിനു മുടി പോലും ചീകാതെ എന്‍റെ മുന്നില്‍ വന്നിരുന്നു... എനിക്കു ശ്വാസം വിലങ്ങി. ഇനി നമുക്കൊക്കെ പുറത്തേക്കിരിക്കാം എന്ന് ആ കുട്ടിയുടെ അച്ചന്‍ പറഞ്ഞപോള്‍ പോലും പുറത്തു പോകാന്‍ കൂട്ടാക്കാതിരുന്ന എന്റെ ഫ്രെണ്ട്, പരമ ദ്രോഹി.... ഇത് കണ്ടതും ചാടി എണീറ്റു. ഉടനെ ഞാന്‍ അവന്‍റെ കയ്യില്‍ കേറി പിടിച്ചിട്ടു പറഞ്ഞു "എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലെടാ തെണ്ടി..".

പിന്നെ ഞാന്‍ ഒട്ടും വൈകിച്ചില്ല. എന്‍റെ കയ്യിലെ ചോദ്യശരങ്ങള് ഞാന്‍ എടുത്തെറിയാന്‍ തുടങ്ങി. അമ്പോ എന്തോ മധുരമായ സ്വരം. എന്തൊരു ബാസ്... ഓരോ ചോദ്യത്തിനും ഉഷ ഉതുപ്പിന്റെ ശബ്ദത്തില് അവള്‍ മറുപടി തരും. എനിക്കു ഫ്രെണ്ട് ഇതെല്ലം കേട്ട് വിരണ്ടിരിക്കുകയാണ്. എന്നെക്കാള്‍ ശംബളം വാങ്ങുന്നുന്ടെന്ന അഹങ്കാരം അവളുടെ മുഖത്തുണ്ടായിരുന്നു. ആവനാഴിയിലെ ശരങ്ങള് എല്ലാം തീര്‍ന്നപ്പോള്‍ ഞാന്‍ ആ കുട്ടിക്കും ഒരു ചാന്‍സ് കൊടുത്തു നോക്കി. ഒന്നും ചോദിക്കാനില്ല എന്നാ കുട്ടി പറഞ്ഞു. പിന്നെ വെറും നിശബ്ധതത. ഇടയ്ക്കിടെ ഞാനും ഫ്രെണ്ടും മുഖത്തോട് മുഖം നോക്കും. മണിച്ചിത്ര താഴില്‍ കസേര എടുക്കാന്‍ പറയുമ്പോള്‍ നെടുമുടിയും ഇന്നൊസെന്ടും മുഖത്തോട് മുഖം നോക്കുന്നതുപോലെ. കുറച്ചു കഴിഞ്ഞപ്പോള്‍ ഇനി ഞാന്‍ പൊയ്കോട്ടേ എന്നും പറഞ്ഞു കൊണ്ട് ആ കുട്ടി എണീറ്റു. കുട്ടി പോയ ഉടനെ തന്നെ കുട്ടിയുടെ അച്ചനും ചേട്ടനും അകത്തു കേറി വന്നു. ഇനിയിപ്പോ........ എന്നുള്ള ചോദ്യത്തിന് ഞാന്‍ വീട്ടില്‍ ചെന്ന് അച്ചനോട് വിളിക്കാം പറയാം എന്ന് പറഞ്ഞു. പിന്നെ ഞങ്ങളും അവിടെ അധിക നേരം നിന്നില്ല. എല്ലാവര്ക്കും കൈ കൊടുത്തു പുറത്തിരിറങ്ങി. പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.

ഒട്ടും താല്പര്യമില്ലാതെയാണ് ആ കുട്ടി ഈ പരിപാടിക്ക് വന്നതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് അച്ചനമ്മമാരുടെ ശ്രദ്ധയ്ക്ക്‌... മക്കള്‍ക്ക്‌ ഇതിനൊക്കെ താല്പര്യമുണ്ടോ എന്നറിഞ്ഞിട്ടു വേണം ഈ കലാപരിപാടിയൊക്കെ നടത്താന്‍.. അല്ലേല്‍ അറ്റ്ലീസ്റ്റ് കുട്ടികളുടെ ഫോട്ടോസ് എങ്കിലും പരസ്പരം കൈമാറണം. അല്പം പെട്രോള്‍ എങ്കിലും ലാഭിക്കാമല്ലോ.... കെട്ട് പ്രായമായി നില്‍ക്കുന്ന എല്ലാ ബാച്ചിലെഴ്സിനും ഞാനിത് സമര്‍പ്പിക്കുന്നു.

2 comments:

  1. Anghanea athum Cheettii.. sarillada.. nintea numberum varum.. :)

    ReplyDelete
  2. As i said before..great narration :-)

    ReplyDelete