ഞങ്ങളുടെ കോളേജില്‍ വളരെ പ്രസിദ്ധമായ ഒരു ഗാംങ് ഉണ്ടായിരുന്നു. ഒരു മൂവർ സംഘം. എല്ലാവരും അറിയപ്പെടുന്നത് ഷോര്‍ട്ട് ഫോമില്‍. വെള്ളമടിയില്‍ ഗുരുക്കന്മാരായിട്ടു വരും മൂവരും. മൂവരും ഒരു ടീമിലായാല്‍ ചീട്ടുകളിയില്‍ അവരെ തോല്‍പ്പിക്കാന് ആര്‍ക്കും കഴിയില്ല... ഇങ്ങനെയൊക്കെ ആണേലും അവര്‍ മണ്ടത്തരങ്ങള്‍ ചെയ്തുകൂട്ടുന്നതില്‍ വളരെയധികം ഇന്‍ടെറെസ്റ്റ് ഉള്ളവരാണ്. ഒരു ഇലക്ഷന്‍ കാലത്തു നടന്ന ഇവരുടെ ഒരു വീരകഥയാണിവിടെ പറയുന്നതു.
ഇലക്ഷന്‍ കഴിഞ്ഞു . SFI രണ്ടാമതും KSU വിനോട് തോറ്റു. വളരെ ചെറിയ ഒരു മാര്‍ജിനു. രണ്ടു പാര്ട്ടി ആണെങ്കിലും എല്ലാരും പരസ്പരം അറിയുന്നതിനാല്‍ അടിയും തല്ലും ഒന്നുമുണ്ടായില്ല. തോല്ക്കുമെന്നുറപ്പുണ്ടായിരുന്ന KSU കാരുടെ ആഘോഷങ്ങള് രാത്രിയിലെക്കും നീണ്ടതോടെ SFI കാര്‍ എല്ലാരും മാളങ്ങളിലേക്ക് വലിഞ്ഞു. പക്ഷെ ആ ആഘോഷങ്ങളും ആര്പ്പുവിളികളുമൊന്നും വകവെക്കാതെ തങ്ങളുടെ റൂമില്‍ കൂലങ്കഷമായ ചര്‍ച്ചയിലായിരുന്നു അവര്‍ മൂന്നുപേരും. മൂവരും SFI യുടെ കറകളഞ്ഞ പോരാളികള്‍. മുദ്രാവാക്യം വിളിക്കാനും ചുവരെഴുതാനും കുറെ വിയര്‍പ്പോഴുക്കിയവര്‍. അവര്‍ക്ക് ആ തോല്‍വി അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല. അതിലേറെ അവര്‍ക്ക് വിഷമം ഇലക്ഷനില്‍ മത്സരിച്ച അവരുടെ റൂം മെറ്റും തോറ്റുപോയി എന്നതാണ്. മൂന്നാലെണ്ണം വീശിയിട്ടാണവരുടെ ചര്ച്ച. ചര്ച്ച പുരോഗമിക്കവേ ഒരുത്തന്‍ പറഞ്ഞു..
"എടാ ഇതു ചതിയാണ്.. അല്ലേല്‍ അവനെങ്ങനെ തോല്‍ക്കും?"
"ശരിയാ.. ഇതിലെന്തോ തിരിമറിയുണ്ട്.. "
"അതെ.. ആ തിരിമറി നമുക്ക് ലോകത്തെ അറിയിക്കണം"
"അതെയതെ.. നമുക്കീ കാര്യം നാളെത്തന്നെ എല്ലാരോടും പറയണം."
"അതുവേണ്ട.. അപ്പോഴേക്കും ഒത്തിരിവൈകും.. ഒരുകാര്യം ചെയ്യാം. നമുക്കിപ്പോള്‍ തന്നെ കോളേജില്‍ പോയി ഇതു ചതിയാണ്, അവന്‍ തോറ്റതില്‍ എന്തോ തിരിമറി നടന്നിട്ടുണ്ട് എന്നെല്ലാം കോളെജു ബോര്‍ഡില്‍ എഴുതിവെക്കാം. രാവിലെ എല്ലാരും വരുമ്പോള്‍ സത്യം വായിച്ചു മനസ്സിലാക്കട്ടെ." "അതെ അതാണ് നല്ലത്" എന്ന് പറഞ്ഞു അവര്‍ മൂവരും ആ പാതിരാത്രിയില്‍ കോളെജിലേക്ക് പുറപ്പെട്ടു.
അപ്പോഴാണ് വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാനെന്നും അകത്തു കേറാന്‍ ഒരു മാര്‍ഗവുമില്ല എന്ന സത്യം അവര്ക്കു മനസ്സിലായത്.
"ഛെ, ഇനിയെന്ത് ചെയ്യും.." ജനിലിന്റെ പാളിയില്‍ പിടിച്ചു കൊണ്ടു ഒരുത്തന്‍ ആത്മഗതം ചെയ്തു. കാര്യം നടത്താതെ തിരിച്ചു പോരാന്‍ വയ്യ. സത്യം ലോകത്തെ അറിയിക്കണമല്ലോ.
അപ്പോഴാണ് അവന്റെ തലയില്‍ കിടിലന്‍ ഐഡിയ തെളിഞ്ഞത്. ജനലിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കാം. കമ്പി വളച്ച് അകത്തു കേറാം. അവന്‍ പറഞ്ഞു മുഴുവനാക്കിയില്ല. അതിന് മുന്പേ രണ്ടാമത്തവന്‍ ഒരു കല്ല് പോക്കികൊണ്ടുവന്നു ജനല്‍ ഗ്ലാസ്സിനിട്ടു ഒറ്റയിടി. "ച്ചിലും പിലും". ഇനി മൂന്നാമന്റെ ഊഴമാണ്. അവന്‍ പോയി ജനല്‍ കംബികളെല്ലാം ഒരുവിധേന വളച്ചെടുത്തു. പിന്നാലെ മൂവരും അകത്തു കടന്നു. അകത്തെത്തിയ ഉടനെ ഒരുത്തന്‍ പറഞ്ഞു.. "എടാ ഒട്ടും സമയമില്ല. വേഗം എഴുതണം".
"ഇതു ചതിയാണ്, വോട്ടെണ്ണിയതില്‍ എന്തോ തിരിമറിയുണ്ട്. നമ്മുടെ ഫ്രെണ്ട് തോല്ക്കാന് പാടില്ല.." എന്നെല്ലാം നല്ല വെണ്ടയ്ക്ക അക്ഷരത്തില്‍ പെട്ടെന്നെഴുതിവെച്ചു അവര്‍ മൂവരും പുറത്തു കടന്നു. റൂമിലെത്തിയ ഉടനെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി ബാക്കിയുണ്ടായിരുന്ന കുപ്പിയെടുത്തടിക്കാന്‍ തുടങ്ങി.
കുപ്പി തീരാറായപ്പോഴാണ് ഒരാള്‍ തറയില്‍ ചുവന്ന കളറില്‍ തുള്ളി തുള്ളിയായി എന്തോ കിടക്കുന്നത് കണ്ടത്. ഉടനെ അവന്‍ "ആഹ.. അല്ലേലെ ഒരു കുപ്പിയാ വാങ്ങിയത്.. എന്നിട്ടത് മുഴുവന്‍ ആട്ടിയാട്ടി എല്ലാം നിലത്തു കളഞ്ഞല്ലോടാ നി.." എന്ന് പറഞ്ഞു ഒഴിച്ചവനെ നോക്കി ദേഷ്യപെട്ടു. എന്നിട്ട് വിരല്‍ കൊണ്ടു ഓരോ തുള്ളികളും വടിച്ചെടുത്ത് നാവില്‍ വെക്കാന്‍ തുടങ്ങി.
"എന്തുവാടേയ്.. ഇതിനൊരു ബ്രാണ്ടി ടേസ്റ്റ് ഇല്ലല്ലോ.. ഒരുമാതിരി ചോരെടെ ടേസ്റ്റ്??.. ആരുടെയാടാ ഇതു??".. അതും പറഞ്ഞു താഴേക്ക് നോക്കിയ അവന്‍ ഞെട്ടിപ്പോയി.. സ്വന്തം കാല് മുറിഞ്ഞു അതാ ചോര കാലില്‍ കൂടി ഒഴുകുന്നു.. "അയ്യോ ചോര.... ചോര.. എന്റെ കാല് മുറിഞ്ഞേ.." അവന്‍ നിലവിളിച്ചു. അപ്പോഴാണ് മറ്റൊരുത്തനു ബോധം വന്നത്.. "എടാ ഇതു ജനല്‍ ഗ്ലാസ് കൊണ്ടു മുറിഞ്ഞതാണെന്നാ തോന്നുന്നത്.. ആകെപാടെ പ്രശ്നമാകുമല്ലോ.."
"എന്ത്‌പ്രശ്നം" എന്ന് രണ്ടാമത്തവന്‍.
"എടാ, ഗ്ലാസ് കൊണ്ടു മുറിഞ്ഞതാണേല്‍ ജനലിനടുത്തും ക്ലാസ്സിനകത്തും പിന്നെ നടന്നുവന്ന റോഡിലുമെല്ലാം ഈ ചോര കാണും.. "
"അത് ശരിയാ.. എടാ അപ്പൊ എനിക്കൊരു സംശയം.. നമ്മള്‍ ജനല്‍ ഗ്ലാസ് പൊട്ടിച്ചല്ലേ അകത്തു കടന്നത്... അപ്പൊ നാളെ ആരെങ്കിലും അത് പൊട്ടിച്ചതാരാണെന്നു കണ്ടുപിടിച്ചാല്‍....?"
അപ്പൊ മൂന്നാമന്റെ വക.. "എടാ ഇതു പ്രശ്നമാകും... കോളേജില്‍ നിന്നു നമ്മുടെ റൂം വരെ ഈ ചോര പാടുകാണും.. എങ്ങാനും പോലീസ് കേസ് ആയാല്‍ പോലീസ് നായ വരും... ചോര മണത്തു മണത്തു അത് ഇവിടെ വരെ വരും.. നമ്മള് കുടുങ്ങും..."
മൂവരും കുടിച്ച വെള്ളമെല്ലാം ആവിയായി പോയി... എന്ത് ചെയ്യണമെന്നു മൂവര്‍ക്കും അറിയില്ല.. പെട്ടെന്നതാ ഒരുത്തന്റെ തലയില്‍ അടുത്ത ബുദ്ധി.
"എടാ ഒരു കാര്യം ചെയ്യാം... ഈ ചോരയല്ലേ പ്രശ്നം.. അതങ്ങ് മായിച്ചു കളഞ്ഞാല്‍ പോരെ..." മറ്റു രണ്ടുപേരും എങ്ങനെ എന്ന് ചോദ്യ ഭാവത്തില്‍ നോക്കി. അവന്‍ തുടര്‍ന്നു... "സിമ്പിള്‍... നമ്മള്‍ ഒരു ബക്കറ്റില്‍ കുറച്ചു വെള്ളവുമായി ഇറങ്ങുന്നു.. ചോരത്തുള്ളി കാണുന്നിടത്തൊക്കെ അല്പം വെള്ളമൊഴിക്കുന്നു.. പിന്നെ ചുമ്മാ മായ്ച്ചു കളയുന്നു... ചോരതുള്ളി കാണുന്നു.. വെള്ളമൊഴിക്കുന്നു.. മായ്ക്കുന്നു... പിന്നേം വെള്ളമൊഴിക്കുന്നു.. പിന്നേം മായ്ക്കുന്നു... സംഭവം ക്ലിയര്‍..."
എങ്ങനെയുണ്ടെന്റെ ബുദ്ധി എന്ന ഭാവത്തില്‍ അവന്‍ മറ്റു രണ്ടു പേരെയും നോക്കി. "അത് കൊള്ളാമല്ലോ... ഹൊ സമ്മതിച്ചിരിക്കുന്നെടാ നിന്നെ... ഈ ബുദ്ധിയൊക്കെ എവിടെയാ നീ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.." എന്നും പറഞ്ഞോണ്ട് രണ്ടു പേരും കൂടെ അവനെ പൊക്കിയുയര്ത്തി. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒരു ബക്കറ്റില്‍ വെള്ളവുമെടുത്ത് അവര്‍ ഇറങ്ങി. അങ്ങനെ അവര്‍ റൂം മുതല്‍ പത്തഞ്ഞൂറു വാര റോഡിലും ക്ലാസ്സിലുമെല്ലാം വീണു കിടന്ന ഓരോ ചോരത്തുള്ളിയും മായ്ച്ചുകളഞ്ഞു. അതിനും പുറമെ ബോര്‍ഡില്‍ ഉണ്ടായിരുന്ന എഴുത്തും കൂടി അതിന്റെ കൂട്ടത്തില്‍ മായ്ച്ചു കളഞ്ഞു.. ഇല്ലേല്‍ ചോക്ക് പൊടി മണത്തു പോലീസ് നായ ആളെ കണ്ടുപിടിച്ചാലോ...
അങ്ങനെ എല്ലാം നല്ല ഭംഗിയായി തുടച്ചു വൃത്തിയാക്കിയതിനു ശേഷം മൂവരും പുറത്തു കടന്നപ്പോഴാണ് പൊട്ടിക്കിടക്കുന്ന ജനല്ഗ്ലാസ്സ് ഒരുത്തന്റെ ശ്രദ്ധയില് പെട്ടത്... "ദൈവമേ ഇനി ഇതെന്തു ചെയ്യുമെടാ...." അവന്‍ വിലപിച്ചു. ചോര മായ്ച്ചു കളഞ്ഞത് പോലെ ഇതത്ര എളുപ്പമല്ല എന്ന കാര്യം അവര്‍ക്കറിയാം. വളഞ്ഞു പോയ കമ്പികള്‍ അവര്‍ നേരെയാക്കി. പക്ഷെ ഗ്ലാസ് ശരിയാക്കണമെങ്കില് പണി അറിയാവുന്ന ആരേലും വേണം. തന്നേമല്ല..പുതിയ ഗ്ലാസും വേണം...അതും ഈ പാതിരാത്രിയില്‍... ആരെകിട്ടും ഈ പണിക്കു..അതും ഈ സമയത്തു.. മൂന്നുപേരും തല പുകഞ്ഞു ആലോചിച്ചു...
ഇവരുടെ വീടിനടുത്ത് തന്നെ ഒരു ആശാരിപണിക്കാരന് താമസിക്കുന്നുണ്ട്. അയാളെ വിളിച്ചുണര്തിയാല് കാര്യങ്ങള്‍ക്ക് ഏറെക്കുറെ തീരുമാനമാകുമെന്നവര്‍ക്ക് തോന്നി. അങ്ങനെ ആ രാത്രിയില്‍, ഒരു മൂന്നാല് മണിയായിക്കാണും അപ്പോള്‍, മൂന്നുപേരും കൂടെ അയാളുടെ വീട്ടില്‍ പോയി, അയാളെ വിളിച്ചുണര്തി കാര്യങ്ങള്‍ പറഞ്ഞു.. ഒരു കുപ്പി വാങ്ങി തരാമെന്നു പറഞ്ഞപ്പോള്‍ എന്തിനും അയാള്‍ റെഡി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അയാളുടനെ തന്നെ തന്‍റെ ഓട്ടൊയുമെടുത്തുകൊണ്ടു ടൌണില്‍ പോയി പരിചയക്കാരന്‍ ഒരുത്തനെ വിളിച്ചുണര്‍ത്തി, അയാളുടെ കട തുറന്നു ഗ്ലാസ്സും വാങ്ങി പുലരും മുന്പേ പണിയെല്ലാം തീര്ത്തു കൊടുത്തു. അപ്പോഴാണ് മൂവര്‍ക്കും സമാധാനമായത്.
ഇതിലെ രസമെന്താണെന്നു വച്ചാല്‍.. ഇതെല്ലാം പുറത്തു വരുന്നതു രണ്ടുമൂന്നു വര്ഷം കഴിഞ്ഞാണ്.. ഒരു വെള്ളമടിനടക്കുമ്പോള്‍....
വാല്‍കഷ്ണം: ഇതിലെ ഒരുത്തന്‍റെ കൂടെ എന്‍റെ മറ്റൊരു ഫ്രെണ്ട് ഈ അടുത്തിടെ ഒരു ടൂര്‍ പോകാനിടയായി. തിരിച്ചുവന്ന അവന്‍ പറഞ്ഞതു, "അവന് നല്ല തടീം വണ്ണവുമൊക്കെ വച്ചു... പക്ഷെ ബുദ്ധിക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.." എന്നാണ്.
No comments:
Post a Comment