അരവിന്ദ് ഒരു പാവം പയ്യനാണ്. എന്നാൽ ആണോ എന്ന് ചോദിച്ചാൽ അല്ല. കാരണം അവനു തൻറെ ക്ലാസ്സിൽ തന്നെയുള്ള ശാലിനിയെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ മുടിഞ്ഞ ഇഷ്ടം. എന്നാൽ ഇത് അവളോട് പറയാനുള്ള ധൈര്യം അവനില്ല. കാരണം അവൻ ഇതുവരെയും ഒരു പെന്കുട്ടിയോടും നേരെ ചൊവ്വേ സംസാരിചിടില്ല എന്നതുതന്നെ. സംസാരിക്കുക പോയിട്ട് മുഖത്ത് പോലും അവൻ നോക്കാറില്ല. അവളെ ഇഷ്ടമാണെന്ന് ആദ്യം അവൻ അടുത്ത സുഹൃത്തുക്കളോട് പറയുന്നത് ഹോസ്റ്റലില്‍
ഉള്ള സമയത്താണ്. പറഞ്ഞത് എന്നതിനേക്കാൾ ഉപരി സുഹൃത്തുക്കൾ അറിയുന്നത് എന്ന് പറയുന്നതാവും ശരി. പിന്നീട് അത് ഒരു തവണ കോളേജിൽ നിന്ന് ക്ലാസ്സ് ടൂര്‍ സമയത്തു അവന്റെ അലമ്പ് ഗേൾഫ്രണ്ട് (ജസ്റ്റ് ഫ്രണ്ട്, ഡോണ്ട് മിസ്സ് അണ്ടർസ്റ്റാന്റ്) അലറികൂവി വീണ്ടും നാട്ടുകാരെ അറിയിച്ചു. ആരൊടും പറയരുത് എന്ന് സത്യം ചെയ്തിട്ടാണ് ഇത്ര പരമമായ രഹസ്യം അവൻ അവളോട് പറഞ്ഞതു. പറഞ്ഞു കഴിഞ്ഞു ഒരു മണിക്കൂറിനുള്ളില്‍ ചെന്നൈ പട്ടണം മുഴുവന്‍ ആ വാർത്ത അറിഞ്ഞു. പിന്നീടൊരിക്കൽ ഒരു ആർട്സ് ഡേ സമയത്തു അരവിന്ദിന്റെ ഫ്രെണ്ട് ഷാജഹാൻ, അരവിന്ദിന്റെ പേരിൽ ശാലിനിക്ക് വേണ്ടി ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തു. അതും നമ്മുടെ "എന്നവളെ അടി എന്നവളെ" എന്ന പാട്ട്. അതോടെ എല്ലാം പരസ്യമായി. ശേഷം അവൾ ഒരിക്കൽ പോലും അരവിന്ദിനോട് സംസാരിച്ചിട്ടില്ല. എന്തിനു... നടന്നു വരുന്ന വഴിക്ക് അരവിന്ദിന്റെ തലവെട്ടം എവിടേലും കണ്ടാൽ മതി.. ഉടനെ അവൾ ആ റൂട്ടേ മാറ്റികളയും. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനെ.
അങ്ങനെ പറഞ്ഞു പറഞ്ഞു ആ കോളേജിലെ എല്ലാര്‍ക്കും ഈ കാര്യം അറിയാമെന്നായി, ഓരോ ദിവസവും പ്രോപോസ് ചെയ്യാന്‍
നിര്‍ബന്ധിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. അരവിന്ദിന് കണ്ണുള്ള ഒരു ജൂനിയർ പെണ്കുട്ടി ഉണ്ടായിരുന്നു. അവൾ ഉൾപെടെയുള്ള ജൂനിയേര്‍സും നിർബന്ധിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒടുവിലൊരുനാള്‍ അരവിന്ദിന്റെ സുഹൃത്തും എസ് എഫ് ഐ പാര്‍ട്ടിയുടെ പ്രധാന
നേതാവും ഒരു പൊടിക്ക് ഗുണ്ടായിസം കാണിക്കുന്നവനുമായ ബിജേഷ് വന്ന് “ആണാണെങ്കില്‍ പറഞ്ഞെച്ചു പോഡാ” എന്ന് പറഞ്ഞു. അതവന്റെ ആണത്തത്തെ
പിടിച്ചു കുലുക്കി. അന്ന്, അപ്പൊ, ആ നിമിഷം, അരവിന്ദ് തീരുമാനമെടുത്തു.
“ഇന്നു വൈകുന്നേരം എന്‍റെ പ്രേമം അവളോട് പറഞ്ഞിരിക്കും. ഈ കോളേജ്
വിളക്കാണേ... കാവിലമ്മയാണേ... ഇതു സത്യം... സത്യം... സത്യം...
അവൻ തേങ്ങയുടച്ചു സത്യം
ചെയ്തതു ആ കോളേജ് മൊത്തം കേട്ടു കാണും.
പറയാന്‍ കാരണമുണ്ട്. എന്തെന്നാല്‍
സാധാരണ ക്ലാസ്സ് കഴിഞ്ഞാല്‍ എല്ലാരും പെട്ടെന്ന് തന്നെ സ്ഥലം വിടുകയാണ് പതിവു. പക്ഷെ അന്ന് മാത്രം ആരും പോകുന്നില്ല. സര്‍ പോയ ഉടനെ എല്ലാരും അരവിന്ദിനെ നോക്കാന്‍ തുടങ്ങി. സംഭവം എങ്ങനെയോ ലീക്ക് ആയിട്ടുണ്ടെന്ന് അവനു മനസിലായി. അവൻ തൊട്ടടുത്തിരുന്ന അവന്റെ അലമ്പ് ജസ്റ്റ് ഗേൾ ഫ്രെണ്ടിനെ നോക്കി. അവൾ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. പക്ഷെ അതുകൊണ്ടൊന്നും അരവിന്ദ് തളർന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍
നമ്മുടെ ശാലിനിയും ഒരു കൂട്ടുകാരിയും പോകാന്‍ ഇറങ്ങി. അവര്‍ ക്ലാസ്സിന്റെ
വാതില്‍ കടന്നു അപ്രത്യക്ഷമായ ഉടനെ ആരോ അരവിന്ദിനെ ഉന്തി തള്ളി എണീപ്പിച്ചു. അവൻ ധൈര്യമൊക്കെ എവിടുന്നൊക്കെയോ സംഭരിച്ച് അവരുടെ പിന്നാലെ നടന്നു. അരവിന്ദ് ഇറങ്ങിയ ഉടനെ ക്ലാസിലെ ഏതാണ്ട് എല്ലാവരും അവന്റെ പിന്നാലെ ഇറങ്ങി.
കോളേജിനും മെയിന്‍ റോഡിനും ഇടയില്‍ കുറച്ചു സ്റ്റെപ്പുകളുന്‍ട്. അവള്‍
സ്റ്റെപ്പിറങ്ങാന്‍ തുടങിയപ്പോള്‍ അരവിന്ദ് പിന്നില്‍ നിന്നു വിളിച്ചു. അവള്‍
ഒന്നു നിന്നിട്ട് സ്റ്റെപ്പുകള്‍ തിരികെ കയറി അടുത്ത് വന്നു. അരവിന്ദ് തിരിഞ്ഞു
നോക്കി. അവന്റെ ക്ലാസ്സിലെ തന്നെ രണ്ടു പെണ്‍കുട്ടികള്‍, സംഗീതയും ഷാഹിനയും, അവരുടെ അടുത്ത് അവിടവിടെയായി വന്നു
പൂക്കളൊക്കെ പറിച്ചു നില്ക്കുന്നു. ഉദ്ധേശം മറ്റൊന്നിനുമല്ല. അവൻ എന്താണ്
പറയുന്നതെന്ന് കേള്‍ക്കണം. എന്നാല്‍ ഭാവം കണ്ടാല്‍ വേറെ ഏതോ ലോകത്താണ് എന്നും. ബാക്കിയുള്ളവര്‍ ക്ലാസ്സിന്റെ വരാന്തയിൽ നിന്നു അവനെ നോക്കുന്നു. ചിലര്‍ അവനെ നോക്കി പറയെടാ പറയെടാ എന്ന് ആംഗ്യം
കാണിക്കുന്നുമുണ്ട്.
ആ തണുത്ത സായഹ്നത്തിലും അവൻ നല്ലത് പോലെ വിയർത്തു. ആദ്യമായി ആപ്ലിക്കേഷന്‍ കൊടുക്കാന്‍ പോകുന്നവന്റെ
പരവശത അറിയണമെങ്കില്‍ അത് കൊടുത്തുതന്നെ നോക്കണം. ഗാലറിയില്‍ ഇരുന്നു
ഡയലോഗ് അടിക്കുന്നതുപോലെയല്ല ഗ്രൌണ്ടിലിറങ്ങി കളിക്കുന്നത്.
അരവിന്ദിനെ കിടുകിടായെന്നു വിറക്കുന്നുണ്ട് (പേടിച്ചിട്ട് ). വയറ്റിലൊക്കെ എന്തൊക്കെയോ ഉരുണ്ടു കേറുന്നു. വിറച്ചിട്ട് ശബ്ദം പുറത്തു
വരുന്നേയില്ല. അവൻ അവളിൽ നിന്നും മൂന്നടി ഗാപ്പിട്ടു നിന്നു. അഥവാ അവളെങ്ങാനും അടിച്ചാലും മുഖത്ത് കൊള്ളരുതല്ലോ. ഏതായാലും അരവിന്ദ് വളരെയധികം ബുദ്ധിമുട്ടി ഇത്രെയും
പറഞ്ഞൊപ്പിച്ചു.”ശ.. ശ.. ശാലിനി, ഞാന്‍.. ഞാൻ വളരെ കാലമായി ഒരു കാ...ര്യം പറയണമെന്ന്
കരുതുന്നു”. “എന്താണ്” ശാലിനി സൌമ്യതയോടെ ചോദിച്ചു. “എനിക്ക് നിന്നെ ഇ.....ഷ്ടമാണ്”. അരവിന്ദ് വിക്കി വിക്കി അത്രേം പറഞ്ഞൊപ്പിച്ചു.
ഇനിയാണ് ട്വിസ്റ്റ്, അപ്പ്രതീക്ഷിതമായ ക്ലൈമാക്സ് എന്നൊക്കെ പറയില്ലേ, അത് വരുന്നത്. അവള്‍ “നോ” അല്ലേല്‍ “യെസ്” എന്ന് പറഞ്ഞു
കാണുമെന്നു വിചാരിചെന്കില്‍ നിങ്ങള്‍ക്ക് തെറ്റി. ശാലിനി പെട്ടെന്നൊരു ഭദ്രകാളി ആയി മാറി അരവിന്ദിനിട്ടു രണ്ടെണ്ണം പൊട്ടിക്കുമെന്നു കരുതിയിട്ടുന്ടെങ്കിലും തെറ്റി. അരവിന്ദൊരു നോ അല്ലേൽ ഒരു അടി അത്രേം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവളുടെ മറുപടി കേട്ടു, പൂ പറിക്കാന്‍ വന്ന സംഗീതയുടെയും ഷാഹിനയുടെയും കയ്യിലിരുന്ന പൂവും ഇലയും മാത്രമല്ല, അവരുടെ കിളി വരെ പറന്നു എങ്ങോട്ടോ പോയി. അവള്‍ പറഞ്ഞതു മറ്റൊന്നുമല്ല. ഇത്രമാത്രം “എനിക്കിപ്പോ
സമയമില്ല അതിനൊന്നും”. അത് പറഞ്ഞു അവള്‍ ചുമ്മാ അങ്ങ് സ്റ്റെപ്പുകളിറങ്ങി പോയി.
എന്തൊരു ചരിത്ര വധം. ഒറ്റ വാക്കിൽ അതിനെ അങ്ങനെ വിശേഷിപ്പിക്കാം. ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മഹാസംഭവം ആകേണ്ടിയിരുന്ന ആ നിമിഷത്തെ കൊന്നു കൊലവിളിച്ച അവളെ ശാലിനി എന്നല്ല വിളിക്കേണ്ടത് പൂതന എന്നാണ്.(ദൈവമേ ക്ഷമിക്കണേ). ആ മറുപടി കേട്ടു തരിച്ചു നില്‍ക്കുകയാണ് രണ്ടു പെണ്പിള്ളേരും. അരവിന്ദാകട്ടെ “ഹൊ ദൈവമേ കഴിഞ്ഞല്ലോ ” എന്ന സന്തോഷത്തിലും. ശാലിനി പോയ ഉടനെ അരവിന്ദ് തിരിഞ്ഞു നടന്നു.
ക്ലാസ്സ് വരാന്തയില്‍ കൂടി നിന്നവരെ അവൻ വിജയീഭാവത്തില്‍ (പുശ്ച
ഭാവത്തില്‍) നോക്കി. നോക്കെടാ ഈ ആണ്‍കുട്ടിയെ.... ഞാൻ എന്റെ ആണത്തം തെളിയിച്ചിരിക്കുന്നു.. എന്നൊരു ഭാവം അവൻ മുഖത്ത് ഫിറ്റ് ചെയ്തു എല്ലാരേം നോക്കാന്‍ തുടങിയപ്പോള്‍ എല്ലാരും സ്ഥലം
കാലിയാക്കി.
അവനെ അപ്പോഴും നല്ലതുപോലെ വിറക്കുന്നുണ്ടായിരുന്നു. പ്രോപോസ് ചെയ്തു ആണത്തം തെളിയിക്കണം എന്ന ഉദേശമേ അരവിന്ദിന് ഉണ്ടായിരുന്നുള്ളൂ. അവള്‍ "യെസ്" എന്ന് പറഞ്ഞാല്‍ എന്താണ്
സംഭവിക്കുകയെന്നത് അരവിന്ദിനു ഇപ്പോഴും അനന്തം അജ്ഞാതം.
വാൽകഷ്ണം : കോളേജ് കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞാണ് ഓർക്കുട്ട് വന്നത്. അതിൽ അരവിന്ദ് ഒന്ന് ചുമ്മാ ശാലിനിക് റിക്വസ്റ്റ് അയച്ചു നോക്കിയെങ്കിലും അവൾ തിരിഞ്ഞു പോലും നോക്കിയില്ല.
എന്താല്ലേ...
No comments:
Post a Comment