ആനന്ദും അശ്വിനിയും ഒരുമിച്ചു പഠിച്ചതാണ്. അവർ രണ്ടു പേരും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുള്ളവർ ആയിരുന്നു. അവർ പഠിച്ചിരുന്ന കോളേജാകട്ടെ കേരളത്തിന്റെ തെക്കെ മൂലയിലും. ലീവിന് നാട്ടിൽ പോകുമ്പോഴും മടങ്ങി വരുമ്പോഴുമെല്ലാം അവർ ഒരുമിച്ച് ഒരു ബസ്സിനാണ് യാത്ര ചെയ്തിരുന്നത്. അതും എട്ടു മണിക്കൂർ യാത്ര. സീറ്റ് ഇല്ലേലും കുഴപ്പമില്ല, നിന്ന് യാത്ര ചെയ്തോളും. അത്രക്ക് ആത്മാർഥത ആയിരുന്നു. പക്ഷെ നാലുകൊല്ലം ഒരുമിച്ചു പഠിച്ചിട്ടും ഒരുമിച്ചു യാത്ര ചെയ്തിട്ടും നമ്മുടെ ആനന്ദും അശ്വിനിയും ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിരുന്നില്ല. എന്തിനു, നേരെചൊവ്വേ നോക്കിയിട്ട് പോലുമില്ല. അതിനുള്ള പ്രധാന കാരണം ആനന്ദിന് ഒരു ഗേൾഫ്രെണ്ട് ഉണ്ടായിരുന്നു, അശ്വിനിക്ക് ആനന്ദിനേക്കാൾ സുന്ദരനായ ഒരു ബോയ്‌ഫ്രണ്ടും.
കഥ തുടങ്ങുന്നത് ഇവിടെ നിന്നല്ല. കോളേജെല്ലാം കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടാണ്.
അങ്ങനെ പഠിത്തം എല്ലാം കഴിഞ്ഞു. ആനന്ദിന്റെ സുന്ദരിയായ ഗേൾഫ്രെണ്ട് അവനെക്കാൾ ഗ്ളാമർ ഉള്ള ഒരുത്തനെ കണ്ടപ്പോൾ അവനെ ഇട്ടേച്ചു പോയി. അതെ പിന്നെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന ആനന്ദിന് പെട്ടെന്നൊരു ദിവസം വെളിപാടുണ്ടായി. തന്റെ ഇംഗ്ലീഷ് അത്രയ്ക്ക് പോരാ. അങ്ങനെ ഇംഗ്ലീഷ് ഭാഷ കൂടുതൽ പഠിക്കണം എന്ന ആഗ്രഹവുമായി ആനന്ദ് ബംഗ്ലൂരിലേക്ക് വണ്ടി കയറി. ഒരു വഴിക്ക് പോവുകയല്ലേ എന്ന് കരുതി അവൻ മൂന്നാലു പേരേക്കൂടി കൂടെ കൂട്ടി. ആ കൂട്ടത്തിൽ അശ്വിനിയുടെ ബോയ് ഫ്രെണ്ടും ഉണ്ടായിരുന്നു.
അങ്ങനെ പഠനമൊക്കെ നല്ലതുപോലെ നടന്നു. മൊബൈൽ ഫോൺ ഒക്കെ പ്രചാരത്തിലായി വരുന്ന സമയം. ബി എസ് എൻ എൽ, ഓൾ ഇന്ത്യ എസ് എം എസ് ഫ്രീ കൊടുത്തിരുന്ന കാലം. ആനന്ദിനും ഉണ്ടായിരുന്നു ഒരു മൊബൈൽ ഫോൺ. നമ്മുടെ അശ്വിനിയുടെ ബോയ്‌ഫ്രെണ്ട്, അശ്വിനിക്ക് എസ് എം എസ് അയച്ചിരുന്നത് പാവം പിടിച്ച ആനന്ദിന്റെ ഫോണിൽ നിന്നായിരുന്നു. ബോയ്‌ഫ്രെണ്ട് പുറത്തു പോകുമ്പോ ബാക്കിയുള്ളവർ സന്തോഷത്തോടെ ആ കർമം ഏറ്റെടുക്കും. പതിയെ പതിയെ ആനന്ദും അശ്വിനിയും തമ്മിലായി മെസ്സെജിങ്ങും പിന്നെ വിളികളും. വിളികളും. അശ്വിനി അപ്പോൾ ആസന്നമായ പ്രണയ തകർച്ചയുടെ വക്കിൽ ആയിരുന്നു. അത് അവർ തമ്മിൽ അടുക്കാൻ കാരണമായി. അവന്റെ ആദ്യത്തെ ഗേൾഫ്രെണ്ടിനെ പോലെ ആയിരുന്നില്ല അശ്വിനി. ഒരു പേടിച്ചുതൂറി ആയിരുന്നു അവൾ, ചിലപ്പോഴൊക്കെ നല്ല ട്യൂബ് ലൈറ്റും. എപ്പോഴാ അശ്വിനിയുടെ മൂഡ് മാറുക എന്നത് ആനന്ദിന് ഒരിക്കലും പിടികിട്ടിയിരുന്നില്ല. ഡ്രെസ്സിങ്ങ് സെൻസ് അവളുടെ എഴലയത്ത് കൂടെ പോയിട്ടില്ല. എന്നാൽ നല്ലപോലെ ഡ്രസ്സ് ചെയ്തുവന്നാലോ അവളെ പോലെ സുന്ദരിയായി വേറെ ആരും ഉണ്ടാവില്ല. ആനന്ദിന് ഇപ്പോഴും ഓർമയുണ്ട് കോളെജിനു ശേഷം അവളെ ആദ്യമായി കണ്ട ദിവസം.
ദിവസങ്ങൾ അങ്ങനെ പോവുകയാണ്. ശിശിരം വന്നു വസന്തം വന്നു. പിന്നെ എന്തെല്ലാമോ വന്നു. എന്നിട്ടും നീ എന്തെ വരാത്തത് എന്ന് കരുതി ഇരിക്കുമ്പോൾ…
മഴ പെയ്തൊഴിഞ്ഞ ഒരു തണുത്ത രാത്രി. ബസ്സിറങ്ങി വീട്ടിലേക്കു നടന്നുവരുമ്പോഴാണ് ആനന്ദിന് അശ്വിനിയുടെ കാൾ വന്നത്. അവൻ കാൾ എടുത്തതും ഒറ്റ ശ്വാസത്തിൽ അശ്വിനി പറഞ്ഞു, ഞാൻ നാളെ ഓസ്ട്രേലിയയിലേക്ക് പോവുകയാണ്. നീ എയര്പോര്ട്ടിലേക്ക് വരുമോ?. ങേ? ആനന്ദിനൊന്നും മനസിലായില്ല. ചുറ്റുമുള്ളതെല്ലാം പെട്ടെന്ന് നിശബ്ദമായത് പോലെ തോന്നി അവനു. കട്ട നിശബ്ദത. അത്രയും നേരം നിർത്താതെ കരഞ്ഞു അവനെ പേടിപ്പിച്ചിരുന്ന മാക്രികളും പെട്ടെന്ന് മിണ്ടാതായി. "പോ പെണ്ണെ തമാശ പറയാതെ" എന്ന് ആനന്ദ്. അല്ല ശെരിക്കും പോവാണെന്ന് അശ്വിനി. പിന്നേം കട്ട നിശബ്ദത. "നിനക്ക് വിഷമമായൊ" നിശബ്ദത ഭേദിച്ച് കൊണ്ട് അശ്വിനി ചോദിച്ചു. ഇല്ലെന്നവൻ പറഞ്ഞു. പിന്നെ അവൾക്കു യാത്രാമംഗലം നേർന്നു അവൻ ഫോൺ കട്ട് ചെയ്തു. സത്യം പറഞ്ഞാൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ആനന്ദിന് അശ്വിനിയെ ഇഷ്ടമായിരുന്നു. ഇപ്പോൾ അവൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ അവനു വിഷമം ആയി. അവളെ നഷ്ടപെടുകയാണെന്ന് അവനു തോന്നി. തീരുമാനം എടുത്തേ പറ്റു. അവസാനം തന്റെ ഇഷ്ടം അവളെ അറിയിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഇനി അഥവാ അശ്വിനി തന്റെ പ്രൊപോസൽ വേണ്ടെന്നു വച്ചാലോ.. അതും ആനന്ദ് ആലോചിക്കാതിരുന്നില്ല. ആ... പോട്ട്... പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരു കുട്ടി. ആനന്ദ് അവന്റെ സുഹൃത്ത് സച്ചുവിനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഒരു ബൊക്ക വേണമെന്ന് ആവശ്യപെട്ടു.
അന്ന് രാത്രി അവനുറക്കം വന്നില്ല. സമയം ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. കൃത്യം ആറുമണിക്ക് തന്നെ ആനന്ദ് ചാടിയെണീറ്റു. ഇഷ്ടപ്പെട്ട ബ്ളൂ ജീൻസും വൈറ്റ് ഷർട്ടും എടുത്തിട്ടു. സച്ചു ആനന്ദിനെയും കാത്തു ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു, കയ്യിൽ ബൊക്കയുമായി. ഏതാണ്ട് ഉച്ചയോടെ ആനന്ദ് എയർപോർട്ടിൽ എത്തി. ഓരോ ചുവടു വെക്കുമ്പോഴും അവൻ അവളെ തിരഞ്ഞു. പിന്നെ ബൊക്ക കൊടുക്കുമ്പോൾ അവൾക്കുണ്ടാകുന്ന റിയാക്ഷനെ പറ്റിയും അവൻ ആലോചിച്ചു.
അതാ അവൾ. ആ തിരക്കിനിടയിലും അവൻ കണ്ടു, അങ്ങ് ദൂരെ ആ നീണ്ട വരാന്തയുടെ അങ്ങേയറ്റത്ത് ആരെയൊ കാത്തെന്നപോലെ നില്കുന്നു. ആ ഒറ്റ കാഴ്ചയിൽ തന്നെ ആനന്ദ് വീണു. അശ്വിനിയെ ഏറ്റവും കൂടുതൽ സുന്ദരിയായി കണ്ടത് അന്നാണെന്നു അവനു തോന്നി. നാലു വർഷം അവൾ അവന്റെയൊപ്പം ഉണ്ടായിരുന്നു. ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു യാത്ര ചെയ്തു. ഇത്ര മനോഹരിയായി അവളെ അവൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. ക്രീം കളർ ഡ്രസ്സ് അവളുടെ ഇരുണ്ട ചർമത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു. ദൈവമേ... എനിക്കെന്തിനീ... വിധി... രണ്ടു വര്ഷം മറ്റവളുടെ പിന്നാലെ നടന്നതിൽ അവൻ അവനെത്തന്നെ ശപിച്ചു. ഏതായാലും ഇത്തവണ ചാൻസ് മിസ്സ് ചെയ്യരുത് എന്ന് തീരുമാനിച്ച് അവളുടെ മുഖത്തേക്കും ബോക്കയിലെക്കും അവൻ മാറിമാറി നോക്കി. അപ്പോൾ അവൻ ചിന്തിച്ചു, ബൊക്ക കൊടുത്താൽ പണികിട്ടുമോ, ആകെ ട്രാജെഡി ആകുമോ ഈശ്വരാ..
അതിനടുത്ത നിമിഷം അവൾ അവനെ കണ്ടു.
ആനന്ദ് അവളുടെ അടുത്തേക്ക് നീങ്ങി. ജീവിതത്തിൽ ആദ്യമായി അവർ നേരിട്ട് സംസാരിക്കാൻ പോവുകയാണ് സുഹൃത്തുക്കളെ, സംസാരിക്കാൻ പോവുകയാണ്. അവർ രണ്ടു പേരും പരസ്പരം വിഷ് ചെയ്തു. അവൾക്കെന്തോക്കെയോ പറയാനുണ്ടെന്ന് അവനു തോന്നി. ഒരുപക്ഷെ കൂടെയുള്ള ബന്ധുക്കളുടെ സാനിധ്യമാവാം, അവൾ ഒന്നും പറഞ്ഞില്ല. അല്ലേലും ആദ്യമായി കാണുമ്പോൾ എന്ത് സംസാരിക്കാനാണ്. ഒടുവിൽ അവൻ അവളോട് ഫ്ലൈറ്റ്ടൈം ചോദിച്ചു. അശ്വിനി ചിരിച്ചുകൊണ്ട് സമയം പറഞ്ഞു. പിന്നെ അവൾ ആനന്ദിനെ അവളുടെ ബന്ധുക്കൾക്ക് പരിചയപ്പെടുത്തി. അശ്വിനിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു അപ്പോഴും. അപ്പോഴാണ് ആനന്ദിന് തന്റെ ആപ്പ്ളിക്കേഷനേ പറ്റി ഓർമ്മ വന്നത്. ജീവിതത്തിൽ ആദ്യമായി അവൻ ഒന്നുകൂടി ആലോചിച്ചു, ആപ്പ്ളിക്കേഷൻ കൊടുക്കണോ വേണ്ടയോ എന്ന്. കാരണം അതിൽ ഒരു ബഗ് ഉണ്ടെന്നു അവനു തോന്നി. മറ്റൊന്നുമല്ല, ആപ്പ്ളിക്കേഷൻ കൊടുത്തു കഴിഞ്ഞു അവൾക്കിഷ്ട്ടപ്പെട്ടില്ലേൽ ആകെ മൊത്തം ട്രാജെഡി ആകും, അവളുടെ സന്തോഷം കെടും, ഒരുപക്ഷെ അവളുടെ ബന്ധുക്കൾ എടുത്തു പെരുമാറിയെന്നും വരും. അശ്വിനി സന്തോഷത്തോടെ പോവട്ടെ. ആനന്ദ് തന്റെ ആപ്പ്ളിക്കേഷൻ പുറത്തെടുത്തില്ല. ഒരുപക്ഷെ അശ്വിനി തന്റെ ആപ്പ്ളിക്കേഷൻ സ്വീകരിച്ചിരുന്നെങ്കിലോ എന്നതിനെ പറ്റി അവൻ ആലോചിച്ചതേയില്ല. സമയം വരും. ആനന്ദിന് ഉറപ്പായിരുന്നു.
"ശ്രദ്ധിക്കുക, ഓസ്ട്രേലിയയ്ക്കു പോകുന്ന എല്ലാ യാത്രക്കാരും ഉടൻ തന്നെ ബോർഡിംഗ് പാസ് എടുക്കേണ്ടതാണ്", ലൌഡ് സ്പീക്കർ ഉറക്കെ കരഞ്ഞു. ആനന്ദ് നെടുവീർപ്പിട്ടു.
പതിയെ ആ ഗ്ലാസ് ഡോറിനു മുൻപിൽ ഒരു ക്യു രൂപപെട്ടു. അശ്വിനിയും പതുക്കെ അതിൽ അംഗമായി. അകത്തോട്ടു പോകുന്നതിനിടയിൽ അവൾ എല്ലാവരെയും കൈ വീശി കാണിച്ചു. ആനന്ദ് അവളെത്തന്നെ നോക്കുകയായിരുന്നു. പെട്ടെന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അശ്വിനി അവനെ തിരിഞ്ഞു നോക്കി, കൈ വീശി ബൈ പറഞ്ഞു. പിന്നെ ആൾകൂട്ടത്തിൽ മറഞ്ഞു. ആനന്ദ് അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പക്ഷെ ആപ്പ്ളിക്കേഷൻ കൊടുത്തിരുന്നെങ്കിൽ തന്നെയും അവളെ അതൊരിക്കലും വേദനിപ്പിക്കില്ലായിരുന്നെന്നു അപ്പൊ അവനു തോന്നി. കുറച്ചു നേരം ആനന്ദ് അവിടെ തന്നെ നിന്നു. പിന്നെ ഒരു ഓട്ടോ പിടിച്ചു സ്ഥലം കാലിയാക്കി.
പിന്നീടും അവർ തമ്മിൽ ചാറ്റിങ്ങും കത്തിടപാടുകളും ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ആനന്ദ് തന്റെ ഇഷ്ടം അശ്വിനിയോടു തുറന്നു പറഞ്ഞില്ല. കാരണം എന്താണന്നു അവനുപോലും അറിയില്ല.
ശേഷം ആനന്ദ് വേറെ ഒരുത്തിയെ പ്രേമിച്ചു കെട്ടി. ഇപ്പൊ ഭാര്യക്കും കുഞ്ഞിനുമൊപ്പം സുഖമായി ജീവിക്കുകയാണ്, അങ്ങ് ജർമനിയിൽ. അശ്വിനിയുടെയും കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞിന്റെ അമ്മയായി ഭർത്താവിന്റെ കൂടെ അങ്ങ് അമേരിക്കയിൽ ആണ് ഇപ്പോൾ. കല്യാണം കഴിഞ്ഞതോടെ ആനന്ദ് അശ്വിനിയെ പെങ്ങളാക്കി. അവളുടെ ഭർത്താവിനെ അളിയനും. അവരിപ്പൊ നല്ല ഫ്രെണ്ട്സ് ആണ്. തിരിച്ചായിരുന്നെങ്കിൽ എന്താകുമായിരുന്നോ എന്തോ?
-------------------------------------------------------------------------------------------------------------------------------------------------------------------
എം ടി സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ
"വേര്‍പിരിയുന്നതും ഒരാനന്തമാണ്..." (വാരാണസി)
No comments:
Post a Comment