Jan 28, 2016

ഒരു ടച്ചിംഗ്സ് കഥ

കാമുകിയുടെ കല്യാണം വേറെ ഒരാളുമായി നിശ്ചയിച്ചതറിഞ്ഞ വാർത്ത അറിഞ്ഞു തട്ടുമ്പുറത്തു ഒറ്റയ്ക്ക് കള്ളു കുടിക്കാൻ കയറിയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അടിച്ചടിച് ടച്ചിംഗ്സിനായി തപ്പിയപ്പോൾ കിട്ടിയ പേസ്റ്റ് എടുത്ത് ഒരു മടിയും കൂടാതെ അവൻ വിഴുങ്ങി. പിന്നെ ലക്ക് കെട്ട് എപ്പോഴോ ബോധം പോയി. 

തട്ടുമ്പുറത്തോട്ടു പോയവൻ രാത്രിയായിട്ടും ഇറങ്ങിവരാത്തത്തിൽ സംശയിച്ചു മുകളിലോട്ടു പോയി തപ്പിയ അവന്റെ അച്ഛൻ കണ്ടത് സുഖനിദ്രയിൽ കിടക്കുന്ന മകനെയാണ്. അച്ഛൻ തട്ടിയിട്ടും കുലുക്കിയിട്ടും അവൻ ഉണർന്നില്ല. പിന്നെ പുള്ളി ഒന്നു ചുറ്റും നോക്കിയപ്പോഴാണ് മൂലയ്ക്ക് കിടക്കുന്ന മദ്യകുപ്പിയും അതിനടുത്തായി ഒരു പേസ്റ്റും കണ്ടത്. പേസ്റ്റ് എടുത്തുനോക്കിയ അച്ഛൻ ഞെട്ടി. അത് പല്ലു തേക്കുന്ന പേസ്റ്റ് ആയിരുന്നില്ല. എലിവിഷം ആയിരുന്നു. 

പിന്നെ കിയോം കിയോം സൌണ്ട് ഒക്കെയിട്ട് ഒരു വണ്ടിയിൽ അവനെ ഹോസ്പിറ്റലിൽ എത്തിക്കുന്നു. സമയത്തിന് എത്തിച്ചത് കൊണ്ട് ജീവൻ  രക്ഷിക്കാൻ പറ്റി എന്ന് ഓപറേഷൻ തീയറ്ററിൽ നിന്ന് ഇറങ്ങിയപാടെ ഡോക്ടർ പറയുന്നു. അതോടെ എല്ലാം ശുഭം എന്ന് കരുതിയാൽ തെറ്റി. കഥ കഴിഞ്ഞിട്ടില്ല.

ഈ സംഭവം അറിഞ്ഞു അവന്റെ കാമുകി അവളുടെ വീട്ടിൽ കട്ട പ്രതിരോധത്തിൽ ആയി. അവസാനം സ്വന്തം മകൾക്ക് വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായ അവനെയോർത്തു ലോല ഹൃദയനായ കാമുകിയുടെ അച്ഛന്റെ മനം തേങ്ങി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ആദ്യം നിശ്ചയിച്ച കല്യാണം വേണ്ടെന്നു വച്ച് അവളുടെ വീട്ടുകാർ ഇങ്ങോട്ട് കല്യാണം ആലോചിച്ചു വന്നു. ഈ  സംഭവ ഗതികൾ ഒന്നും തന്നെ അറിയാതെ ഹോസ്പിറ്റലിൽ സുഖ നിദ്രയിൽ ആയിരുന്ന നമ്മുടെ നായകൻ ഉറക്കമുണർന്നപ്പോൾ കാണുന്നത് ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടു നിൽകുന്ന കാമുകിയെയും മറ്റുമാണ്. ഇതെന്താ കഥ. അവനൊന്നും മനസിലായില്ല. അവൻ കണ്ണ് തുറന്നതും അവളുടെ അച്ഛൻ പ്രഖ്യാപിച്ചു, ഇന്നേക്ക് മൂന്നാം മാസം ഇവരുടെ കല്യാണം എന്ന്. അവന്റെ ബോധം ഒന്നുകൂടി പോയില്ല എന്നേയുള്ളു. കള്ളു കുടിച്ചാൽ ലോകമാകെ കീഴ്മേൽ മറിയുമോ ദൈവമേ.

അങ്ങനെ അവരുടെ കല്യാണം കെങ്കേമമായി നടന്നു. ഇപ്പോൾ രണ്ടു വർഷമായി. എന്നിട്ടും അവനു മനസിലാകാത്തതു എന്താണ് അന്ന് സംഭവിച്ചത് എന്നാണ്.

No comments:

Post a Comment