ഛെ... നാശം... ഇത് വൈകും. പണ്ടാരടങ്ങാൻ. മുടിഞ്ഞ ട്രാഫിക്. രവി സ്വയം പറഞ്ഞു. രവി സഹപ്രവർത്തകനും റൂം മേറ്റുമായ ജോണിന്റെ കല്യാണം കൂടാൻ തലേ ദിവസം ചെന്നൈയിൽ നിന്നിറങ്ങിയതാണ്. കാസർഗോഡ് എത്തി അവിടെത്തന്നെയുള്ള ക്ലാസ്സ് മേറ്റ് അഭിലാഷിന്റെ വീട്ടിൽ തങ്ങി പിറ്റേ ദിവസം രണ്ടുപേരും ഒരുമിച്ച് കല്യാണത്തിന് പോകാം എന്നതായിരുന്നു പ്ലാൻ. രാവിലെ 7 മണിക്ക് കാസർഗോഡ് എത്തേണ്ട ബസ്സാണ്. ഇതിപ്പോ വൈകുന്നേരം 7 ആയി. ഇനിയും കിടക്കുന്നു പത്തു നൂറ്റമ്പത് കിലോമീറ്റർ. അങ്ങനെ അവസാനം എത്തേണ്ട സ്ഥലം എത്തിയപ്പോൾ സമയം അർദ്ധരാത്രി 12 മണി. അപ്പൊ അടുത്ത പണി. മൊബൈൽ ചാർജ് തീർന്നു. ഓണാകുന്നില്ല. അഭിലാഷിന്റെ നമ്പറൊക്കെ അതിലാണ്. ഇനിയെന്ത് ചെയ്യും? പിന്നെ ഒരു ഏകദേശ ധാരണ വെച്ച് ഒരു ഓട്ടോ പിടിച്ചു നേരെ അഭിലാഷിന്റെ ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങി. ഓട്ടോ ചേട്ടനെ പറഞ്ഞു വിട്ടു. രവി മുന്നില് കണ്ട ഇടവഴിയിലൂടെ നടന്നു.
സമയം 12.30. അവിടവിടെ വെളിച്ചമുണ്ട്. മാക്രികളുടെയും ചീവിടുകളുടെയും ശബ്ദം ഉള്ളത് ഭാഗ്യമായി. ഇല്ലേൽ ഒറ്റക്കായി എന്ന് അവനു തോന്നിയേനെ. അടുത്തൊരു സെമിത്തേരി ഉള്ളതു കൊണ്ടാവണം ഒരു മനുഷ്യജീവിയെ പോലും കാണാനില്ല. നല്ല നിലാവുണ്ട്. പണ്ടെങ്ങോ പോയ ഓർമ വെച്ച് ഇടതു വശത്തുള്ള റോഡിലേക്ക് അവൻ തിരിഞ്ഞു. ഇപ്പൊ മങ്ങിയ പ്രകാശമെയുള്ളു. നടക്കുന്ന വഴിയിലെല്ലാം അവൻ ആലോചിച്ചത് വീടെങ്ങനെ കണ്ടു പിടിക്കും എന്നാണ്. അതാ നല്ല പരിചയമുള്ളൊരു ഗേറ്റ്. ഇതത് തന്നെ. അഴികൾ ഇല്ലാത്ത ഗേറ്റ്. തള്ളി നോക്കി. തുറക്കുന്നില്ല. അകത്തു നിന്ന് പൂട്ടിയിട്ടിരിക്കുന്നു എന്ന് അവനു മനസിലായി. ഇനി എന്ത് ചെയ്യും. മതില്‍ വഴി ചാടിയാലോ. താഴെ പൂച്ചട്ടി കാണും. ചാടിയാലത്ത് പൊട്ടും. നാട്ടുകാർ വിവരം അറിയും. പിന്നെ എന്ത് ചെയ്യും? രവി കൂലങ്കുഷമായി ആലോചിച്ചു കൊണ്ട് നിൽകുമ്പോൾ പെട്ടെന്നാണ് എന്തോ അനങ്ങുന്ന ശബ്ദം പുറകിൽ നിന്നും കേട്ടത്. ദൈവമേ.. അടുത്ത് സെമിത്തേരി ഒക്കെ ഉള്ളതാണ്. അഭിലാഷേ... നീ ഉറങ്ങിയോ... ഞാൻ പെട്ടു... തിരിഞ്ഞു നോക്കണോ... വേണ്ട... സി.ഐ.ഡി എസ്കേപ്... രവി പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ അങ്ങ് നടന്നു.
അബദ്ധം മനസ്സിലായത് പിന്നീടാണ്. അത് റോഡിന്‍റെ അവസാനം ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൻ ഒരു നിമിഷം നിന്നു. പിന്നെ തിരിഞ്ഞു നടന്നു. അതാ മുൻപിൽ ഒരുത്തൻ സൈക്കിളിൽ മതിലും ചാരി നില്കുന്നു. ഹോ.. ഭാഗ്യം. പ്രേതവും പിശാചൊന്നുമല്ല. മെലിഞ്ഞു, അല്പം പൊക്കമൊക്കെയുള്ള ഒരു സാധാരണ പയ്യൻ. അയാളൊന്നു ചിരിച്ചു. രവി ചാത്തന്മാരെ ഒക്കെ മനസിൽ ധ്യാനിച്ചു ഒട്ടും പതറാതെ ചോദിച്ചു "ഈ അഭിലാഷിന്‍റെ വീടിതല്ലേ. എനിക്ക് വീടുമാറിപ്പോയെന്നു തോന്നുന്നു". "മോനേ വേല കയ്യിലിരിക്കട്ടെ, എന്താ ഇടപാട്?? അവൻ ചോദിച്ചു. "അയ്യോ എനിക്ക് സത്യമായിട്ടും വീട് മാറിയതാ ചേട്ടാ, ഞാൻ പോകട്ടെ.." രവി എളിമയോടെ പറഞ്ഞു. പക്ഷെ അവൻ വിട്ടില്ല. "ഹ നില്ല്, സത്യം പറ, നീയും ഈ വീടിലെ ജാനകിയും തമ്മിൽ പ്രേമത്തിൽ അല്ലെ. നീ അവളെ കാണാൻ വന്നതല്ലേ?.
ജാനകിയോ.. പ്രേമമോ. ഇതൊക്കെ ഇപ്പൊ എവിടുന്നു വന്നു? രവിക്കൊന്നും മനസിലായില്ല. പിന്നെ അവനു ബൾബ് കത്തി. ഈ വീട്ടിൽ കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും താൻ അതിന്റെ കാമുകൻ ആണെന്നും (മുടിഞ്ഞ ഗ്ലാമർ കണ്ടാൽ ആരും അങ്ങനെ പറഞ്ഞു പോകും) ഈ പാതിരാത്രി അവളെ കാണാൻ വന്നതാണെന്നും ഈ പയ്യൻ തെറ്റിധരിചിരിക്കുകയാണെന്ന് രവിക്ക് മനസിലായി. രവി അവനെ ഒന്ന് ചുഴിഞ്ഞു നോക്കി. അവൻ തുടർന്നു, "ഞാനും ഇങ്ങനെ ഒരുത്തിയെ പ്രേമിച്ചതാ, പക്ഷെ അവളുടെ ആങ്ങളമാർ എന്നെ പൂശി, ഞാൻ ഇപ്പൊ പ്രതികാരം വീട്ടാൻ വേണ്ടി നടക്കുവാ". ങേ.. രവി ഞെട്ടി. ഒരു വീശലിനില്ല അവൻ. ഒന്ന് ആഞ്ഞൂതിയാൽ അവൻ പറന്നു പോകും. പക്ഷെ ഇവന്റെ നാടാണ്. രവി സംനയനം പാലിച്ചു. എന്നാലും പക്ഷെ ഈ കൊച്ചു പയ്യൻ എങ്ങനെ പ്രതികാരം വീട്ടാനാണ്. അറിയാനുള്ള ആഗ്രഹം കൊണ്ടു രവി ചോദിച്ചു. "ചേട്ടൻ എങ്ങനെയാണ് പകരം വീട്ടാൻ പോകുന്നത്". ഒട്ടും മടിക്കാതെ തന്നെ അവൻ ഷർട്ട് പൊക്കി അരയിലിരുന്ന ഒരു പൊതി എടുത്തു. എന്നിട്ട് പറഞ്ഞു "ഇതു ഇന്നലെ മാർക്കെറ്റിൽ നിന്നു വാങ്ങിയതാണ്". അവനതു തുറന്നു കാണിച്ചു. പൊതിക്കുള്ളിൽ ഒരു കത്തി. അത് കണ്ടതോടെ രവിയുടെ പാതി ജീവൻ ഇറങ്ങിയോടി ആദ്യം കണ്ട ബസ്സിൽ കയറി അടുത്ത പഞ്ചായത്തിലെത്തി. ബാക്കിയുള്ള പാതിജീവനെ വിടാതെ കയ്യിൽ മുറുക്കി പിടിച്ചുകൊണ്ട് രവിയും ഓടി. ഓടിയോടി റോഡിലെത്തി. ബസ്സ് സ്റ്റോപ്പിൽ പതുങ്ങിയിരുന്നു.
ആ സമയത്തു അവിടെ നല്ല വൃത്തിയായി ഡ്രസ്സ് ചെയ്തു കയ്യിലൊരു സ്യുട്ട്കേസ് ഒക്കെ പിടിച്ചു ഒരു മാന്യൻ നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ പഴയ പകരം വീട്ടൽ കക്ഷി സൈക്കിളിൽ പാഞ്ഞു വന്നു. എന്നിട്ട് നമ്മുടെ മാന്യനോട് രവിയെ കുറിച് അന്വേഷിച്ചു. അയാൾ കണ്ടില്ലെന്നു പറഞ്ഞതോടെ പകരം വീട്ടൽ കക്ഷി പാഞ്ഞു പോകുകയും ചെയ്തു. ഉടനെ മാന്യൻ രവിയോട് എന്താ പ്രശ്നം എന്ന് ചോദിച്ചു അടുത്ത് വന്നു. രവി പറഞ്ഞു "ചേട്ടാ ഞാൻ ചെന്നൈയിൽ ആണ് വർക്ക് ചെയ്യുന്നത്. ഒരു കല്യാണം ഉണ്ട് നാളെ. വരുന്ന വഴി ലേറ്റ് ആയി. ഇവിടെ അടുത്ത ഒരു കൂട്ടുകാരൻ ഉണ്ട്. പക്ഷെ വീട് മാറിപ്പോയി. മൊബൈലിൽ ആണെങ്കിൽ ചാർജും ഇല്ല. ഇടയ്ക്ക് വച്ചു കണ്ടതാണീ കക്ഷിയെ.. അവൻറെ കയ്യിൽ ഒരു കത്തി ഉണ്ട്. അതുപയൊഗിച്ചെന്നെ കുത്താൻ വന്നു അവൻ". ഇതിനിടയിൽ അയാൾക്ക് വിശ്വാസം വരാൻ വേണ്ടി രവി കയ്യിൽ ഉണ്ടായിരുന്ന ഓഫീസ് ഐഡി കാർഡ് കാണിച്ചു കൊടുക്കുകയും ചെയ്തു.
തന്റെ ഇത്രേം വലിയ വിവരണം പാരയായെന്നു അവനു മനസിലായത് പിന്നീടാണ്, അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ. "ആഹ അത്രക്കായോ.. മോൻ പേടിക്കണ്ട, ഇനി അവൻ വരട്ടെ, ഞാൻ നോക്കിക്കോളാം. ഞാനൊരു പാർട്ടി കഴിഞ്ഞു വരുകയാണ്. എൻറെ കൂട്ടുകാർ എല്ലാം തന്നെ ഇവിടുണ്ട്. ഇനി അവൻ വരുകയണേൽ ഞാൻ കൂട്ടുകാരെയൊക്കെ വിളിച്ച് എല്ലാം ശരിയാക്കി തരാം. ബൈ ദ ബൈ എൻറെ പേരു വിശ്വനാഥൻ, സൂര്യ ടിവിയിൽ പ്രൊഡ്യുസർ ആണ്. അല്ലാ നിന്നെ കാണാൻ നല്ല ഗ്ലാമർ ഉണ്ടല്ലോ. സീരിയലിൽ ഒരു കൈ നോക്കുന്നോ.. ഒരു റോൾ തരാം. പിന്നെ അവിടുന്ന് പിടിച്ചു കയറി സിനിമയിൽ ഒക്കെ നോക്കാം. എന്ത് പറയുന്നു?".
രവി മിഴിച്ചു നില്കുകയാണ്. അയാൾക്കൊരു ജോസ്പ്രകാശ് ലുക്ക് ഉണ്ടെന്നു അവനു തോന്നി. അയാൾ നിർത്താനുള്ള ഭാവം ഇല്ല. "ഞാൻ ഒരു ഷൂട്ടിങ് വിഷയമായി കൊച്ചി വരെ പോവുന്ന വഴിയാണ്. ഒരു കാര്യം ചെയ്യാം. നമുക്ക് ഒരുമിച്ചു ബസ്സ് സ്റ്റാന്റ് വരെ പോകാം. അവിടെ നിനക്ക് ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാം. ഇവിടെ നില്കണ്ട". "വേണ്ട സാർ, ഞാൻ ഇവിടുന്നു ബസ്സ് പിടിച്ചു പൊക്കോളാം", രവി പറഞ്ഞു. പക്ഷെ പുള്ളികാരൻ സമ്മതിച്ചില്ല, എന്നിട്ട് വഴിയേ കൂടി പോകുന്ന വാഹനങ്ങൾക്കെല്ലാം കൈ കാണിക്കാൻ തുടങ്ങി. എവിടെ നിർത്താൻ. അവസാനം ഒരു കാറിനു മുൻപിലേക്ക് അയാള്‍ എടുത്തു ചാടി അതിനെ നിർത്തിച്ചു. എന്തൊരു ആത്മാർഥത. എന്നിട്ട് അതിൽ രവിയെയും വിളിച്ചു കേറ്റി ബസ്സ് സ്റ്റാൻഡിൽ പോയി ഇറങ്ങി. പോരാഞ്ഞിട്ട് അയാൾ തന്നെ മുൻകൈയെടുത്ത് അടുത്തുകണ്ട ഒരു ലോഡ്ജിൽ "നമ്മുടെ പയ്യനാ.. നോക്കിക്കോണം" എന്നൊക്കെ പറഞ്ഞു രവിക്കൊരു മുറി ശരിയാക്കി കൊടുത്തു. എന്ത് നല്ല മനുഷ്യൻ. ആൾക്കാരായാൽ ഇങ്ങനെ തന്നെ വേണം.
പിന്നെ രവി ഒട്ടും മടിച്ചില്ല. അവിടെ കിടന്നുറങ്ങി പിറ്റേന്ന് കല്യാണത്തിനു പോയി. അല്ലപിന്നെ..
No comments:
Post a Comment