ഞാനൊക്കെ കോളേജില്‍ പഠിക്കുമ്പോ എന്നെ പോലെ ഒരു വ്യക്തി അവിടെ പഠിക്കുന്നുണ്ടോ എന്ന് ഞാന്‍ പോലും സംശയിച്ചിരുന്നു. കാരണം നമ്മളോടൊക്കെ കമ്പനി കൂടാനും സംസാരിക്കാനും ആരും വരില്ല. പിന്നെ ഞാന്‍ ഇന്നത്തെ പോലെ സുന്ദരന്‍ അല്ലായിരുന്നു അന്ന്. മസ്സിലും ഇല്ല 4 പാക്ക് ആബ്സും ഇല്ല. മെലിഞ്ഞു, കറുത്ത് (ചുമ്മാതെ ഇന്റെര്നെറ്റ്ക ഫെയില്‍ ഗെയിം ഒക്കെ കളിചോണ്ടിരിക്കുന്ന എന്നെയൊക്കെ ക്രിക്കറ്റ് കളിയ്ക്കാന്‍ വിളിച്ചോണ്ട് പോകും. അവിടെയെത്തുമ്പോ ടീമില്‍ ആളായി എന്നും പറഞ്ഞു ഒഴിവാക്കും. പെട്ടെന്ന് തിരിച്ചു ചെന്നാല്‍ കഫേയിലെ ആള്‍കാര്‍ എന്ത് വിചാരിക്കും എന്നു കരുതി കുറെ നേരം അവിടെ തന്നെ നിന്നിട്ട്, നട്ടുച്ചയ്ക്ക്, അതും പൊരി വെയിലത്ത് നിന്നിട്ട്, തിരിച്ചു പോകും. ആ വെയിലൊക്കെ കൊണ്ടിട്ടാനെന്നു തോന്നുന്നു ഞാന്‍ ഇത്രയ്ക്കു കറുത്തത്.) ഒരു അന്തര്‍മുഖന്‍ ആയ, ഗ്ലാമര്‍ ഒന്നും ഇല്ലാത്ത ഒരുത്തന്‍.
രണ്ടു മാസത്തെ സസ്പെന്ഷനും രണ്ടു മൂന്ന് കാരണം കാണിക്കാന്‍ നോട്ടീസ് കിട്ടിയിട്ടും നമ്മളെയൊന്നും ആരും തിരിച്ചറിയുന്നില്ല. പേര് പറഞ്ഞാല്‍ പോലും ആരും അറിയാത്ത അവസ്ഥ.
സ്ഥലത്തെ പ്രധാന പയ്യന്സ് ആകാന്‍ എന്താ ഒരു വഴി. അങ്ങനെയിരിക്കുമ്പോഴാണ് ആ സുദിനം വന്നെത്തിയത്.
ഞെട്ടണ്ടാ. ആര്‍ട്സ് ഡെയുടെ കാര്യമാണ് പറഞ്ഞതു.
എന്റെ മനസില്‍ ലഡ്ഡു പൊട്ടി. ഒരു കിടിലന്‍ പാട്ടുമായി ഇറങ്ങിയാലോ.. പിന്നെ ആലോചിച്ചപ്പോ വേണ്ട. യേശുദാസ് സാറിന്റെ പോലെ മനോഹരമായ ശബ്ദത്തിനു ഉടമയാണെങ്കിലും വിക്കുള്ളതിനാല്‍ പാട്ട് സ്പുടമായും അനര്‍ഗനിര്‍ഗളമായും ഉഴുകണമെന്നില്ല. പിന്നെ എന്തുവഴി. അപ്പോഴാണ് ക്ലാസ്സിലെ പ്രധാന ഡാന്സുകാരിയായ ലോറി ഡാന്‍സ് ഐറ്റംസ് പ്രഖ്യാപിച്ചതു. മിക്സെഡ് ഗ്രൂപ്പ് ഡാന്‍സ്, മിക്സെഡ് അല്ലാത്ത ഗ്രൂപ്പ് ഡാന്‍സ് പിന്നെ സിംഗിള്‍ ഡാന്‍സ് എന്നിങ്ങനെ കൊറേ ഐറ്റംസ്. പെട്ടെന്നു ഒരു ചിന്ത എന്റെ മനസ്സിലുദിച്ചു. "നിനക്കും ഡാന്‍സ് കളിച്ചാലെന്താ". ഞാന്‍ എന്നോട് തന്നെ (എന്ന് വച്ചാല്‍ അന്തരാത്മാവിനോട്) ചോദിച്ചു. പിന്നെ ഈ ഡാന്‍സ് എന്ന് പറയുന്നതു അത്ര വലിയ സംഭവമോന്നുമല്ലല്ലോ. വളരെ സിമ്പിള്‍ ആണല്ലോ.
ഞാന്‍ നേരെ ലോറിയുടെ അടുത്ത് പോയി പറഞ്ഞു "എടാ ഡാന്‍സിന് ആളില്ലേല്‍ എന്നെ വിളിച്ചാല് മതി കേട്ടോ. ഞാന്‍ വരാം". " നി അതിന് ഡാന്‍സ് ചെയ്യുമോ" ലോറി എന്നോട് ചോദിച്ചു (പുച്ചം കൂട്ടിവായിക്കുക). "ആഹ.. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മൂന്നാല് തവണ ഡാന്‍സ് കളിച്ചിടുന്ട്". ഞാന്‍ ഇതു വല്യ കാര്യമൊന്നുമല്ല എന്ന മട്ടില്‍ തട്ടിവിട്ടു. "എന്നാല്‍ നാളെ പ്രാക്ടീസ് ഉണ്ട്. വാ, നോക്കാം". ലോറി പറഞ്ഞു.
ഈ ഡയലോഗ്സ് എല്ലാം കേട്ട അന്തരാത്മാവ് കത്തിയെടുത്ത് സ്വയം കുത്തി മരിച്ചു കാണണം. കാരണം എന്‍റെ സ്റ്റേജ് അനുഭവങ്ങള്‍ വളരെ വിപുലമാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോ ടാബ്ലൊ കളിക്കാന്‍ സ്റ്റേജി കയറി എന്നല്ലാതെ ഒരു സ്റ്റേജ് പാരമ്പര്യവും എനിക്കില്ല. പിന്നെ ആറാം ക്ലാസിലെ കാര്യം.. അത് പ്രത്യേകിച്ച് പറയണ്ട. നാടകം കളിക്കാന് കേറി, ഡയലോഗ് മറന്നു സ്റ്റേജില്‍ മിഴുങ്ങസ്സ്യാ നിന്നപ്പോള്‍ കാണികള്‍ കുറുക്കന്മാര്‍ തോല്കുന്ന തരത്തില്‍ കൂവി. അവര്ക്കെല്ലാം എന്തൊരു ആവേശം ആയിരുന്നെന്നോ. അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും കോരിത്തരിപ്പുണ്ടാകും. അല്ലേലും കലാകാരന്മാര്‍ക്കെവിടെയും അവഗണന ആണല്ലോ.. അതിനും മുന്പ് അഞ്ചില്‍ വെച്ചു കവിതാ പാരായണത്തിന് പോയി, പല്ലവിയും അനുപല്ലവിയും മാറി പാടി "പന്ത്രണ്ടു മക്കളെ പെറ്റയമ്മേ" എഴുതിയ കവി മധുസൂധനന്‍ നായര്‍ സാറിനു പോലും നാണക്കെടുണ്ടാക്കിയവനാണ് ഈ ഞാന്‍. അങ്ങനെയുള്ള ഞാനാണ് ഡാന്‍സ് കളിക്കാന്‍ പോകുന്നത്. ഒരെയോരാശ്വസം ഡാന്‍സ് കളിക്കുന്പോ ഡയലോഗ്സ് പറയണ്ടല്ലോ എന്നതായിരുന്നു.
ഏതായാലും പ്രാക്ടിസ് തുടങ്ങി. മൂന്നു ജോടികള്‍ ഉണ്ട് ഡാന്‍സില്‍. ഞാന്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഇരുപ്പുണ്ട്. ലോറി കുറെ ക്ലാസ്സിക്കല്‍ നമ്പര് ഇറക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുത്തന്‍ " ആവൂ.... എനിക്ക് വയ്യ ഈ ക്ലാസ്സിക്കല്‍ സ്റ്റെപ്സ് കളിക്കാന്‍.. വല്ല ബ്രേക്ക് ഡാന്‍സും ആണേല്‍ ഞാന്‍ പുല്ലു പോലെ കളിച്ചു തരാം" എന്ന് പറഞ്ഞൊഴിഞ്ഞു. അപ്പോള്‍ ലോറി എന്നെ രംഗത്തെക്കിറക്കി. പിള്ളേരൊക്കെ അന്തം വിട്ടിരിക്കുകയാണ്, ഇവനോ... ഡാന്‍സോ... എന്ന മട്ടില്‍. ഞാനാണെങ്കില്‍ രോഗി ഇച്ചിച്ച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന മട്ടില്‍ വാലും തലേം മുറുക്കി രംഗത്തെക്കിറങ്ങി. ശ്രീകൃഷ്ണനെ മാത്രം ആരാധിച്ചിരുന്ന ഞാന്‍ അന്ന് ആദ്യമായി എല്ലാ ദൈവങ്ങളെയും മനസിലോര്‍ത്തു വലതു കാല്‍ വച്ച് ഐശ്വര്യമായി സ്റ്റേജില്‍ കയറി. ഇടുക്കിയില്‍ അന്ന് അഞ്ചാമതും ഭൂമി കുലുങ്ങി.
തോം തോം തോം.. ലോറി ആദ്യത്തെ സ്റ്റെപ് ഇട്ടു. ഞാന്‍ അത് വളരെ കൂള്‍ ആയും സിമ്പിള്‍ ആയും ചെയ്തു കാണിച്ചു. ലോറി ഞെട്ടി, കൂടെ ഞാനും. എനിക്ക് തന്നെ അത്ഭുതമായിരുന്നു. ഞാനൊരു ഡാന്‍സര്‍ ആയി ജനിക്കേണ്ടതായിരുന്നു എന്ന് അന്നാണ് എനിക്ക് മനസിലായത്.
ഏതായാലും ഞങ്ങള്‍ അതി ഗംഭീരമായി പ്രാക്ടിസ് ചെയ്തു. വടീം കമ്പും കൊടച്ചക്രവും എല്ലാം പലപ്പോഴായി സ്ക്രിപ്റ്റില്‍ കേറി വന്നു. ഏതാണ്ടൊരു ജാക്കീ ചാന്‍ സിനിമ മമ്മുട്ടി ചെയ്താല്‍ എങ്ങനെ ഉണ്ടാകും? അതുപോലെ ആയി അവസാനം.
അങ്ങനെ ആ ദിവസം വന്നെത്തി. വിറയ്ക്കുന്ന ചുവടുകളോടെ അതിലേറെ പിടക്കുന്ന ഹൃദയത്തോടെ ഞാന്‍ സ്റ്റേജില്‍ കയറി. ചടുലമായ നൃത്ത ചുവടുകളോടെ എന്റെ അരങ്ങേറ്റം അവിടെ നടന്നു. ഞങ്ങളുടെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സ് കണ്ടു കയ്യടിക്കുന്ന കാണികളെ നോക്കി നില്ക്കെ ഞാന്‍ ഡാന്‍സ് ചെയ്യാന്‍ പോലും മറന്നു പോയി (സ്റ്റെപ്സ് മറന്നു പോയി എന്നാണ് ചില വിവരദോഷികള്‍ പറഞ്ഞത്). ലോറി അവളുടെ കയ്യിലിരുന്ന വടിയെടുത്ത് എന്റെ മണ്ടക്കിട്ട് കൊട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്.
പ്രാക്ടീസിന്റെ ശക്തിയും പിന്നെ ദൈവങ്ങളുടെ എല്ലാം അനുഗ്രഹവും കൊണ്ടായിരിക്കണം, ആര്‍ട്സ് ഡെയില്‍ ഞങ്ങള്ക്ക് ഡാന്‍സിനു നാലാം സ്ഥാനം കിട്ടി.(ആദ്യമായി പെട്ടെന്ന് ഓര്‍ത്തപ്പോള്‍ ദൈവങ്ങള്‍കൊക്കെ കണ്‍ഫ്യൂഷന്‍ ആയിക്കാണും). ആകെ നാല് ടീമുകളാനുണ്ടായിരുന്നത് കേട്ടോ. മിക്സെഡ് ഐറ്റം കൂടാതെ ഒരു ഗ്രൂപ്പ് ഡാന്സിലും ഞാനുണ്ടായിരുന്നു. (അത് ആര്‍ട്സ് ഡെ ക്ക് കളിക്കാന്‍ പറ്റിയില്ല. പിന്നീടത് അസ്സോസ്സിയേഷന്‍ ഡെ ക്ക് കളിച്ചു)
അങ്ങനെ സ്ഥലത്തെ പ്രധാന പയ്യന്സ് ആയോ എന്ന് ചോദിച്ചാല്‍.. ഞാന്‍ അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.
നന്ദി : അൽത്താഫ്, സുനി, ജോക്സി എന്നിങ്ങനെ പോകുന്നു...
Lori:) Dance kidilan aayirunnu
ReplyDeleteLori:) Dance kidilan aayirunnu
ReplyDeleteThank u..
ReplyDelete