എന്റെ കിടപ്പുമുറിയില്‍ ഒരു വലിയ അലമാരയുണ്ട്. അതില്‍ വലിയൊരു കണ്ണാടിയും. എന്നും ഉറങ്ങിയെണീറ്റയുടനെ ഞാന്‍ അതില്‍ നോക്കും. സൌന്ദര്യം കൂടിയോന്നറിയാനല്ല. വെയിറ്റ് കൂടിയോ എന്നറിയാന്‍. ബോഡിയ്ക്കല്ല. തലയ്ക്കു.. പക്ഷെ പെട്ടെന്നൊരു ദിവസം മുതല്‍ ഞാനതങ്ങു നിര്‍ത്തി.. അല്ല.. നിര്‍ത്തേണ്ടി വന്നു. കാരണം ഒരു കൊച്ചു പെണ്‍കുട്ടിയും.
ഞാനന്ന് ഇല്ലാത്ത മസിലും പെരുപ്പിച്ചു നടക്കുന്ന കാലം. കൂടാതെ വെറുതെ കിട്ടിയ സസ്പെന്‍ഷനുമുണ്‍ട്. പോളി ടെക്നിക്കില്‍ നിന്നും എന്ജിനീയറിംഗ് കോളേജില്‍ നിന്നും കിട്ടിയ ചെറിയ ചെറിയ അറിവുകള്‍ ഞാന്‍ പ്രയോഗിച്ചു വരുന്നതേയുള്ളൂ. തിരുവനന്തപുരത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോകാന്‍ കോട്ടയം റെയില്‍ വെ സ്റ്റേഷനില്‍ നില്‍ക്കുകയാണ് ഞാന്‍. പതിയെ ആയിടെ കിട്ടിയ വായ്നോട്ടം എന്ന കല ഞാന് പരീക്ഷിക്കാന്‍ തുടങ്ങി. സ്റ്റേഷനില്‍ ആള്‍ക്കാരധികമില്ല. ട്രെയിന്‍ വരാന്‍ ഇനിയും സമയമുള്ളതിനാലാകാം. അങ്ങനെ ട്രെയിന്‍ വരാന്‍ കാത്തു നില്‍ക്കുമ്പോഴാണ് ആ മുഖം എന്റെ കണ്ണില്‍ പെട്ടത്.
ഒരു വെളുത്തു കൊലുന്നനെയുള്ള പെണ്കുട്ടി. 18-20 വയസുവരും. വെള്ള കളറുള്ള ടോപ്പും നീല നിറത്തിലുള്ള ഫ്രോക്കും ധരിച്ചു എന്നില്‍ നിന്നും കഷ്ടിച്ചു ആറടി ദൂരത്തുള്ള ബെഞ്ചില്‍ ഇരിക്കുകയാണവള്. കൂടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയുമുണ്ട്. ഐശ്വര്യമുള്ള മുഖം. നീണ്ട മൂക്ക്. നല്ല ഭംഗിയുള്ള നീണ്ട മുടി. അത്രയും നല്ല മുടി ഞാന് വേറെ എവിടെയെങ്കിലും കണ്ടിട്ടുള്ളതു എന്റെ കൂടെ പഠിച്ച ജിഷക്കാണ്. പിന്നെ ഇപ്പൊ എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ശ്വേതക്കും. പക്ഷെ എന്നെ ആകര്‍ഷിച്ചത് ഇതൊന്നുമല്ല. അവളുടെ കണ്ണുകള്‍. വലിയ പ്രകാശമുള്ള കണ്ണുകള്‍. പിന്നെ ഇടതൂര്‍ന്ന കണ്പീലിയും. കണ്മഷി ഉപയോഗിച്ചിട്ടില്ലായെന്നു വ്യക്തം. പക്ഷെ നല്ല തിളങ്ങുന്ന കറുപ്പ് നിറം. പറയത്തക്ക ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. ഒരു കാന്‍വാസ്സും ബ്രഷും കിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ എന്‍റെ കലാവാസന പുറത്തെടുത്തെനേ. അവളുടെ കയ്യില്‍ ഏതോ ഒരു മാസികയുണ്ട്. പക്ഷെ വായിക്കുന്നതിനേക്കാള്‍ കൂടുതലായി അമ്മയോട് സംസാരിക്കാനാണ് അവള്‍ക്ക് താത്പര്യം എന്ന് തോന്നുന്നു. അതും അവരെ സംസാരിക്കാന്‍ അനുവദിക്കാതെ.. ഏതോ കൂട്ടില്‍ അടഞ്ഞു കിടന്നതിനു ശേഷം ആദ്യമായി പുറത്തു വന്നത് പോലെ. "ഛെ, ഇത്രയും നേരം ഞാന്‍ എവിടാ നോക്കികൊണ്ടിരുന്നത്.. എന്തുകൊണ്ട് ആദ്യം തന്നെ ഈ ഭാഗത്തേക്ക് നോക്കിയില്ല.." ഞാന് എന്നെത്തന്നെ കുറ്റപെടുത്തി. വെളുത്ത പെണ്‍കുട്ടികളെ പ്രേമിക്കില്ലെന്നു ഞാന്‍ കുറച്ചു നാള്‍ മുന്പ് ശപഥമെടുത്തിരുന്നു.. അല്ലേല്‍ അപ്പോള്‍ത്തന്നെ അവള്‍ക്ക് ഞാന്‍ ആപ്ളിക്കേഷന്‍ കൊടുത്തേനെ..
ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന അനൌണ്‍സ്മെന്റ് കേട്ടാണ് ഞാന്‍ പരിസരത്തെപറ്റി ബോധവാനായത്. അവളെ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല. അപ്പോഴാണതുണ്ടായത്.. അതുവരെ അരങ്ങത്തു ഇല്ലാതിരുന്ന ഒരാള്‍ എങ്ങുനിന്നോ പ്രത്യക്ഷപെട്ടു. കയ്യില്‍ ഒരു വീല്‍ ചെയറുമായി. ഞാനുടനെ ആ അമ്മയെ നോക്കി. പ്രത്യക്ഷത്തില്‍ അവര്‍ക്കൊരു കുഴപ്പവും ഞാന്‍ കണ്ടില്ല. എന്നാലും അത് അവര്‍ക്കായിരിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. അല്ലാതെ പിന്നെയാര്‍ക്കാ. പളുങ്ക് പോലെയിരിക്കുന്നാ ആ കുട്ടിക്കോ... എന്നാലും പാവം അമ്മ.. ഈ പ്രായത്തില്‍... പാവം.
ട്രെയിന്‍റെ വേഗത കുറയാന്‍ തുടങ്ങി. പൊടുന്നനെ അയാള്‍ വീല്‍ ചെയര്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് നീക്കിനിര്‍ത്തി അവളെ കോരിയെടുത്ത് അതിലെക്കിരുത്തി. എന്നിട്ട് അയാളും ആ അമ്മയും ചേര്‍ന്ന് അവളെ ആ ട്രെയിനിലേക്ക് കേറ്റി. ഞാന്‍ ഞെട്ടി തകര്‍ന്നു തരിപ്പണമായി ഇരിക്കുകയാണ്. ഒരു കൂടം കൊണ്ടിടിച്ച അവസ്ഥ... അറിയാതെ തുറന്നു പോയ വാ അടക്കാന്‍ പോലും ഞാന്‍ മറന്നുപോയി. സ്ഥലകാലവിഭ്രമം വന്നവനെ പോലെ ഞാന്‍ അതെ ബോഗിയില്‍ കേറി. അവരിരുന്ന കമ്പാര്‍ട്മെന്‍റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഞാനും അവിടെത്തന്നെ പോയിയിരുന്നു. അവളുടെ നേരെ എതിര്‍വശത്ത്. ഞാന്‍ എന്നൊരാള്‍ അവിടെ വന്നതൊന്നും അവള്‍ ശ്രദ്ധിച്ചതേയില്ല. അല്ലേലും എന്തിന് ശ്രദ്ധിക്കണം. അവള്‍ തന്‍റെ സംസാരം തുടര്ന്നുകൊണ്ടേയിരുന്നു. അവളുടെ സംസാരം ആ കമ്പാര്‍ട്മെന്‍റ് മുഴുവന്‍ കേള്‍ക്കാം. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു ആ മൂന്നു പേരുടെയും പെരുമാറ്റം. അവളുടെ എതിര്‍വശത്തിരുന്നു യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ആലോചിച്ചത് ജീവിതത്തെ കുറിച്ചായിരുന്നു. കഴിവുകളുണ്ടായിട്ടും കുറവുകളെ പറ്റി മാത്രം ഓര്‍ത്തു വിഷമിക്കുന്നവരാണെല്ലാവരും. പക്ഷെ അവളാകട്ടെ, തനിക്കില്ലാത്തതിനെ പറ്റി ആലോചിക്കുന്നതെയില്ല. എപ്പോഴും കളിച്ചു ചിരിച്ചു സന്തോഷവതിയായി...
സത്യം പറഞ്ഞാല്‍ എനിക്കാ കുട്ടിയോട് സംസാരിക്കണമെന്നോക്കെയുണ്ടായിരുന്നു. പക്ഷെ ഞാന്‍ മിണ്ടിയില്ല. ഞാന്‍ ഇറങ്ങുന്നതിനും രണ്ടു മൂന്ന് സ്റ്റേഷനുകള്‍ക്കു മുന്നേ അവര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ കണ്ണുകള്‍ അടച്ചു പിടിച്ചു. അവളങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. അതൊന്നും നഷ്ടപെടുത്തികളയാന്‍ എനിക്ക് മനസ്സുവന്നില്ല... അന്ന് ഞാന്‍ തീരുമാനിച്ചു, കെട്ടുകയാണെങ്കില് അത് ഇവളെ പോലെയുള്ള ഒരു കുട്ടിയെ ആവുമെന്ന്.. നടക്കാന്‍ ചാന്‍സ് വളരെ കുറവാണ്.. എന്നാലും ആഗ്രഹിക്കാമല്ലോ.
അന്നുമുതല്‍ രാവിലെ എണീക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കുന്ന പതിവു ഞാന്‍ നിര്‍ത്തി.
No comments:
Post a Comment