Sep 30, 2009

ആദാമിന്‍റെ വാരിയെല്ല്

പൊള്ളുന്ന ജീവിത സത്യങ്ങള്‍ക്കിടയിലൂടെ മുങ്ങാംകുഴിയിട്ടു നടക്കുമ്പോഴാണ് അവളെ കണ്ടുമുട്ടുന്നത്‌. ചിന്നു എന്നുവിളിക്കാം തല്‍കാലമിവളെ. ഞങ്ങള്‍ തമ്മില്‍ യാതൊരു വിധ മുന്‍പരിചയവുമുണ്ടായിരുന്നില്ല. എന്നാലും ആദ്യം കണ്ട മാത്രയില്‍ തന്നെ ഒരു നിമിഷത്തേക്കെങ്കിലും ഞങ്ങള്‍ പരസ്പരം നോക്കിയിട്ടുണ്ടാവുമെന്നെനിക്കുറപ്പാണു. അവളുടെ ചേച്ചിയുടെ കല്യാണമായിരുന്നു അന്ന്. അവള്‍ ഒരു പൂമ്പാറ്റയെ പോലെ അങ്ങുമിങ്ങും പാറികളിക്കുകയാണ്. അവളുടെ അമ്മ എന്റെ അമ്മയുടെ അടുത്ത കൂട്ടുകാരിയാണ്‌. തന്നെയുമല്ല അവര്‍ അകന്ന ബന്ധുക്കളും കൂടിയാണ്. ഞാനും അമ്മയും പിന്നെ എന്റെ രണ്ടു കസിന്സുമാണ് കല്യാണത്തിന് പോയത്. അമ്മ പണ്ടേ ഒരു താരമായതിനാല്‍ പെണ്‍പടകളെല്ലാം അമ്മയുടെ ചുറ്റുമാണ്. അതിനിടേല്‍ ഞാനെങ്ങാനും "അമ്മേ" എന്ന് വിളിചൊണ്ടു ആ വഴി ചെന്നാല്‍ " ശെടാ ഇവനാരെടാ.. സംസാരിച്ചോണ്ടു നില്‍ക്കുമ്പോള്‍ ശല്യപെടുത്താതെ പോടേ" എന്നൊരു ഭാവത്തോടെ മറ്റുള്ളവര്‍ എന്നെ നോക്കും. ഞാന്‍ ഭയ ഭക്തി ബഹുമാനങ്ങള്‍ ഒക്കെ മുഖത്ത് പ്രകടിപ്പിച്ചു പിന്മാറും. 

അങ്ങനെ കസിന്‍സിന്റെ കൂടെ ഓഡിറ്റോറിയത്തിന്‍റെ ഒരു മൂലക്കിരിക്കുംബോഴാണ് നമ്മുടെ നായിക എന്റെ കണ്ണില്‍ പെടുന്നത്. കണ്ടപ്പോഴേ ഞാന്‍ മനസ്സിലുറപ്പിച്ചു. ഇതവള്‍ തന്നെ.. എന്റെ നല്ല പകുതി. ബന്ധുകളാണെന്നു ഒരു കസിന്‍ പറഞ്ഞതോടെ ഞാന്‍ അതങ്ങ് ആണിയടിച്ചുറപ്പിച്ചു. ഇനി വീട്ടില്‍ പറഞ്ഞാല്‍ മാത്രം മതിയല്ലൊ. ബന്ധുകളായതു കൊണ്ടു എളുപ്പം സമ്മത പത്രം കിട്ടുമല്ലോ. തിരക്കില്‍ ഓടിനടക്കുന്നതിനിടയില് മുടി നീട്ടി വളര്‍ത്തിയ ഈ ചെറുപ്പക്കാരനെ അവളും ശ്രദ്ധിച്ചു കാണണം. പല തവണ കസിന്‍സ്‌ എന്നെ തള്ളിവിട്ടതാണ് അവളോട്‌ ഒന്നു പോയി മിണ്ടാന്‍. പക്ഷെ ജന്മനാലുള്ള പേടി കാരണം അത് മാത്രം ചെയ്തില്ല. വായ്നോട്ടവും കണ്ണേറു കളിയും മുറയ്ക്ക് നടന്നു. കല്യാണം കഴിഞ്ഞു അന്ന് വൈകുന്നേരം തന്നെ ഞാനും അമ്മയും തിരിച്ചു നാട്ടിലേക്ക് കയറി.

കഥയാരംഭിക്കുന്നത്‌ പിന്നീടാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ്..

എനിക്ക് പ്രായപൂര്‍ത്തിയായി. ഒരു പെണ്ണിനെ പോറ്റാനുള്ള കഴിവൊക്കെയുണ്ടെന്നു അച്ചനും അമ്മയ്ക്കും മനസ്സിലായി. പിന്നെ കല്യാണാലോചനകളുടെ ഒരു കുത്തൊഴുക്കായിരുന്നു. പക്ഷെ വരുന്ന ആലോചനകളില്‍ നിന്നെല്ലാം ഞാന്‍ കാരിമീനെ പോലെ വഴുതി മാറിക്കൊണ്ടിരുന്നു.

അപ്പോള്‍ അവര്ക്കു ഡൌട്ട് ആയി, ഇവന്‍ ഏതോ പെങ്കൊച്ചുമായി പ്രേമത്തിലാണ്. അവളേതോ പാവപെട്ട വീട്ടിലെതായിരിക്കണം, അല്ലേല്‍ വേറെ ജാതി ആയിരിക്കണം. അത് കൊണ്ടാണല്ലോ വരുന്ന എല്ലാ ആലോചനകളും ഒഴിവാക്കുന്നത്. അവസാനം അച്ചനും അമ്മയും ചോദിച്ചു, " എടാ സത്യം പറ, നിന്റെ മനസ്സിലാരേലും ഉണ്ടോ.. പറ.. നടത്തി തരാം". ഞാന്‍ "ഇപ്പൊ എന്റെ മനസ്സിലാരും ഇല്ല. പക്ഷെ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്കുട്ടി ഇങ്ങനെയൊക്കെ ആയാല്‍ കൊള്ളാം" എന്ന് പറഞ്ഞു വേണ്ട ഗുണങ്ങളുടെ ലിസ്റ്റ് എടുത്തിട്ടു. അച്ച്ചനുമമ്മയും അതൊരു പേപ്പറില്‍ നോട്ടു ചെയ്തു. അവസാനം ഞാന്‍ പറഞ്ഞു, "ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഒരു ലിവിംഗ് എക്സാംബിള്‍ വേണമെങ്കില്‍ തരാം.. അമ്മേടെ ആ ബെസ്റ്റ് ഫ്രെണ്ടിന്റെ മോളില്ലേ, പണ്ടു കല്യാണത്തിന് പോയപ്പോള്‍ കണ്ട കുട്ടി.. പെണ്കുട്ടി ഏതാണ്ട് അവളെ പോലെയിരിക്കണം. ഇനി അവള് തന്നെയായാലും എനിക്ക് കുഴപ്പമില്ല."

"അയ്യട മനമേ.. അതിന് വെച്ച വെള്ളമങ്ങു നി മാറ്റി വെച്ച്.." അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു. "ഹും.. അവളെ, അതും എന്റെ ബെസ്റ്റ് ഫ്രെണ്ടിന്റെ മോളെ നിനക്കു കെട്ടിച്ചു തരാനോ... ആ പൂതി മനസ്സിലിരിക്കത്തെയുള്ളൂ.. നിന്നെ എനിക്കത്ര വിശ്വാസമായത് കൊണ്ടാ മോനേ.. വേറെ ഒന്നും വിചാരിക്കരുത്.." അമ്മ പറഞ്ഞു.

"അതെന്താ അമ്മേ, ഞാന്‍ അത്രയ്ക്ക് വൃത്തികെട്ടവനാണോ, ആണെങ്കില്‍ തന്നെ എനിക്കൊരു ചാന്‍സ് തന്നു കൂടെ.. എവെരിബെഡി ഡിസര്‍വ്സ് എ സെക്കന്റ്‌ ചാന്‍സ് എന്നാണല്ലോ.. ഞാന്‍ എന്റെ കഴിവ് തെളിയിക്കാം." ഞാനും വിട്ടില്ല.

വേണ്ട മോനേ വേണ്ട എന്ന് പറഞ്ഞു അച്ചനും അമ്മയും ആ സംഭാഷണം അവസാനിപ്പിച്ചു. ഞാനാകട്ടെ അതിന്റെ ദേഷ്യത്തില്‍ പിറ്റെ ദിവസം തന്നെ വീട് വിട്ടു ബംഗ്ലൂര്ക്ക് വണ്ടി കയറി.
ബാംഗളൂരില്‍ തിരിച്ചെത്തി ഞാന്‍ ആദ്യം ചെയ്തത് അവളെ കുറിച്ചന്വേഷിക്കുകയാണ്. അതിനായി ആ പഴേ കസിന്‍സിന്റെ സഹായം തേടി. അങ്ങനെ അവള്‍ എര്‍ണാകുളത്ത് വര്‍ക്കു ചെയ്യുകയാണെന്നും മറ്റും അറിഞ്ഞു. പക്ഷെ മൊബൈല്‍ നമ്പര്‍ മാത്രം തരില്ലത്രേ.. അതെന്താപ്പാ.. നമ്പര്‍ തന്നാല്‍.. ഞാന്‍ പിടിച്ചു വിഴുങ്ങുമോ.. വേണ്ടെടി വേണ്ട.. കണ്ടു പിടിക്കാന്‍ എനിക്കറിയാം. സോഫ്റ്റ്വെയര്‍ എന്ജിനീയറോടാ കളി എന്ന് പറഞ്ഞു ഞാന്‍ ഒരു മാതിരി പെട്ട കമ്മ്യൂണിറ്റി സൈറ്റ്സ് എല്ലാം തപ്പി. എവിടുന്നു കിട്ടാന്‍. അങ്ങനെ പരാചയം സമ്മതിച്ചു അടങ്ങിയിരിക്കുംബോഴാനു അപ്പ്രതീക്ഷിതമായി വീട്ടില്‍ നിന്നും അമ്മ വിളിക്കുന്നത്.

"എടാ മോനേ.. കുറച്ചു കഴിയുമ്പോള്‍ മറ്റേ ആ കുട്ടിയുടെ അമ്മ നിന്നെ വിളിക്കും. അവര്ക്കു നിന്നോടെന്തൊ ചോദിക്കാനുണ്ടത്രേ... " "എന്താണമ്മേ കാര്യം" ഞാന്‍ ചോദിച്ചു. "അതവര്‍ പറയും.. ". അമ്മ വേഗം ഫോണ്‍ കട്ട് ചെയ്തു.

ങേ.. ഇതെന്താപ്പാ കാര്യം. ഒരു പക്ഷെ മകന്റെ ദുഃഖം സഹിക്കവയ്യാതെ അമ്മ മറ്റേ കാര്യം അവളുടെ വീട്ടുകാരോട് പറഞ്ഞു കാണുമോ.. അതെ ഇതതു തന്നെ സംഗതി. ഞാന്‍ ഉറപ്പിച്ചു. പിന്നെ അവിടുന്നങ്ങോട്ട് ഒരു മരണ പാച്ചില്‍ ആയിരുന്നു. എന്നെ പറ്റി അറിയാനാവുമല്ലോ വിളിക്കുന്നത്. അപ്പൊ അവരോടു എന്തൊക്കെ പറയണം, എങ്ങനെയൊക്കെ സോപ്പിടണം എന്നതിനെ പറ്റിയൊക്കെ ഞാന്‍ വളരെ വിശദമായി റിസേര്‍ച്ച് ചെയ്തു, കുറച്ചു സമയം കൊണ്ടു തന്നെ.. ചിലരോട് ഓണ്‍ലൈന്‍ ഹെല്പ് വരെ ഞാന്‍ ചോദിച്ചു.

കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ വിളിച്ചു. ആദ്യം കുറച്ചു ലോകകാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം അവര്‍ കാര്യത്തിലേക്ക് കടന്നു. "മോനേ നമ്മളുടെ മോള്‍ക്ക്‌ കല്യാണാലോചനകളൊക്കെ വരുന്ന കാര്യം നിനക്കറിയാമല്ലോ.." (കല്യാണമെന്ന് കേട്ടപ്പോഴേ എന്റെ മനസ്സു പൂത്തുലഞ്ഞു.. ഞാന്‍ അമ്മക്ക് നൂറു നന്ദി പറഞ്ഞു). പക്ഷെ പിന്നീട് നടന്നത് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.. അവര്‍ തുടര്‍ന്നു, "ആലോചനകളില്‍ ഒന്നു ഏതാണ്ട് ഉറച്ച മട്ടാണ്.. ആ പയ്യന് ബാംഗ്ലൂരാ ജോലി.. നിന്റെ അമ്മ പറഞ്ഞാണറിഞ്ഞത് നീയും ബാംഗ്ളൂരില് തന്നെയാണ് വര്‍ക്കു ചെയ്യുന്നതെന്ന്.... മോനൊരു സഹായം ചെയ്യുമോ.. ആ പയ്യന്റെ വിവരങ്ങള്‍ തരാം .. ഒന്നു പോയി അന്വേഷിച്ചു വരുമോ..."

ടമാര്‍ പടാര്‍... 5 വര്‍ഷങ്ങള്‍ക്കു മുന്പ് ആകാശത്ത് വെട്ടിയ അതെ ഇടി അതിനേക്കാള്‍ 1000 വാട്ട് പവറോടെ ഒന്നുകൂടി വെട്ടി..

"ആന്റി..... ഞാന്‍ തന്നെ പോയി അന്വേഷിക്കണമല്ലേ..." എന്ന് പറയാനാണ് ഞാന്‍ കരുതിയതെങ്കിലും പുറത്തു വന്നത് "അതിനെന്താ ഞാന്‍ പോകാമല്ലോ" എന്നാണു.. പിന്നെ എന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷം അവര്‍ ഫോണ്‍ കട്ട് ചെയ്തു. ഞാനുടനെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. അപ്പോഴാണ്‌ സംഭവങ്ങളുടെ കിടപ്പെനിക്ക് മനസ്സിലായത്. അടുത്ത സുഹൃത്തിന്റെ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ചുമ്മാ വിളിച്ചതായിരുന്നു അവളുടെ അമ്മ. വിശേഷങ്ങള്‍ പറയുന്നതിനിടക്കാന് ഞാന്‍ ബാംഗ്ലുരാണെന്നും മറ്റുമൊക്കെ അവര്‍ അറിയുന്നത്.. മോള്‍ക്ക്‌ വന്ന ആലോചനയെ പറ്റി അന്വേഷിക്കാന്‍ ബാംഗ്ലൂരില് വരാന്‍ ഇരിക്കുകയായിരുന്നത്രേ അവര്‍.. എന്നെ പോലെ ഒരാള്‍.. അതും അടുത്ത സുഹൃത്തിന്റെ മകന്‍ ഇവിടുള്ളപ്പോള്‍ പിന്നെ അവന്‍ പോയി അന്വേഷിച്ചാല്‍ മതിയല്ലോ എന്നായി അവരുടെ ചിന്ത.. അങ്ങനെയാണ് അന്വേഷണ കമ്മിറ്റിയില്‍ ഞാന്‍ അംഗമാകുന്നത്. അവള്ക്ക് കല്യാണാലൊചനയൊക്കെ വന്ന കാര്യം ഞാന്‍ വിളിക്കുംബോഴാനു അമ്മ പോലും അറിയുന്നത്.

ഏതായാലും ഏറ്റുപോയില്ലേ എന്ന് വിചാരിച്ചു ഞാന്‍ ആ പുള്ളിയെ വിളിച്ചു കൂടികാഴ്ച്ചയോക്കെ അടുത്ത ദിവസം ഉച്ചക്ക് പറഞ്ഞുറപ്പിച്ചു. അങ്ങനെ പിറ്റേ ദിവസം ഞാനും എന്‍റെ സുഹൃത്തും കൂടി ഒരു മണിക്ക് പറഞ്ഞുറപ്പിച്ച കൂടിക്കാഴ്ച്ച്ചക്ക് വേണ്ടി 2 മണിയായപ്പോള്‍ ഇറങ്ങി. ഞാന് മോഹിച്ച പെണ്ണിനെ കെട്ടാന്‍ വന്നവനല്ലേ, കുറച്ചു കാത്തു നില്‍ക്കട്ടെ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ ആ പുള്ളിയെ കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌... ഞാന്‍ മനസ്സില്‍ പറഞ്ഞു.. മോളെ ചിന്നു.. u gonna miss me.. നിനക്കു യോഗം ഇല്ലെടി എന്നെ കെട്ടാന്‍. ഒരു മണുകുണാപ്പന്‍ പയ്യന്‍... ഇവന്‍ ഒരു IT കമ്പനിയില്‍ തന്നെയാണോ വര്‍ക്കു ചെയ്യുന്നതെന്ന് ഞാന്‍ ഒരു നിമിഷം സംശയിച്ചു. അവന്‍ സംസാരം തുടങ്ങിയപ്പോള്‍ ഞാനത് സ്ക്രൂ ഇട്ടു മുറുക്കി. ഒരു ചായ ആവാമല്ലേ എന്ന് പുള്ളി പറഞ്ഞപ്പോള്‍ എന്‍റെ സുഹൃത്ത് കോഫി ഡേയുടെ നേരെ കൈ നീട്ടി. അവിടെ കയറിയ ഉടനെ എന്‍റെ ടെക്കീ സുഹൃത്ത് ചോദ്യങ്ങള്‍ ആരംഭിച്ചു. പുള്ളി അലസമായി എന്തൊക്കെയോ പറഞ്ഞു.. പിന്നെ അവന്റെ കയ്യില്‍ നിന്നും പത്ത് മുന്നൂറു രൂപ പൊട്ടിച്ചെടുത്ത് കോഫി ഡേയില് നിന്നും യാത്ര പറഞ്ഞിറങ്ങി. മടങ്ങി വരും വഴി കൂട്ടുകാരനോട് പയ്യനെ പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതു വിട്ടുകളയാനായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലും ഇതു തന്നെ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞതു എടാ അത് ഉറപ്പിച്ച കല്യാണമാണ്. നിയായിട്ടിനി കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട എന്നാണു. ഞാന്‍ ഉടനെ അവളുടെ വീട്ടില്‍ വിളിച്ചു പോയ കാര്യമൊക്കെ പറഞ്ഞു.. അവര്ക്കും സന്തോഷം.. എനിക്കും.. അതോടെ ഞാന്‍ ആ കഞ്ഞിക്ക് വെച്ച വെള്ളം അടുപ്പത്തു നിന്നു മാറ്റി.

ഒരു മാസത്തിനു ശേഷം അവധിക്കു വീട്ടിലെത്തിയ എന്നെ എതിരേറ്റതു അച്ച്ചനാണ്.. പുള്ളിക്ക് തരാന്‍ ഒരു വാര്ത്തയുമുണ്ടായിരുന്നു...

"എടാ, നി അന്വേഷിക്കാന്‍ പോയ ആ കല്യാണലോചനയില്ലെ.. ആ.. നിശ്ചയത്തിന്റെ അന്ന് അത് മുടങ്ങി.." അച്ചന്‍ പറഞ്ഞു. "ങേ..അതെന്തു പറ്റി... " ഞാന്‍ അത്ഭുതവും ആകാംക്ഷയും അടക്കാന്‍ പറ്റാതെ ചോദിച്ചു.. "ആഹ.. എന്തോ ഒരു പ്രശ്നാമുണ്ടായി, അത് മുടങ്ങി.." അച്ചന്‍ പറഞ്ഞു.

ഹാ... പിന്നേം ഉടെതമ്പുരാന് എനിക്കായ് വാതില്‍ തുറക്കുകയാണോ... ഒരു സെക്കന്റ്‌ ചാന്‍സ്... ഞാന്‍ വേഗം അമ്മയുടെ അടുത്തെക്കോടി. "അമ്മേ സംഭവം അറിഞ്ഞല്ലോ.. ഇനി നമുക്കൊന്ന് മുട്ടിനോക്കിയാലോ.." ഞാന്‍ അമ്മയോട് ചോദിച്ചു.

"എടാ മോനേ അതിലൊരു ചെറിയ പ്രശ്നമുണ്ട്.." അമ്മ പറഞ്ഞു.

"പിന്നേം പ്രശ്നമോ".

"എടാ ഈ കൊച്ചിന്റെ അമ്മ എന്‍റെ സഹോദരിയാണെന്ന കാര്യം നിനക്കറിയാമോ??.. ഇല്ലല്ലേ.. അപ്പൊ ആ കുട്ടി നിന്‍റെ അനിയത്തിയായിട്ടു വരും...."

"അമ്മേ... " ഞാന്‍ പിന്നേം ഞെട്ടി തരിച്ചു.. എന്റെ ഹൃദയം പൊട്ടിത്തെറിച്ച് നൂറു കഷ്ണങ്ങളായി. "അമ്മക്കിതെന്നോട് നേരത്തെ പറയാമായിരുന്നു..... " ഞാന്‍ അമ്മയോട് കയര്‍ത്തു. "എടാ ഞാന്‍ പലതവണ പറയാന്‍ തുടങ്ങിയതാണ്‌.. പക്ഷെ അതിന് നി സമ്മതികണ്ടേ..." അമ്മ തന്‍റെ നയം വ്യക്തമാക്കി.

പിന്നീടാലോചിച്ചപ്പോള്‍ എനിക്ക് തോന്നി എല്ലാം നല്ലതിന് തന്നെയാണെന്ന്.. അല്ലേല്‍ ആ ഒരു നിമിഷത്തേക്ക് എന്റെ മനസ്സൊന്നു മാറിയിരുന്നെങ്കില്‍.. അല്ലേല്‍ ആദ്യം കണ്ടു മുട്ടിയപ്പോള്‍ ഞാനെങ്ങാനും അവളെ പരിചയപ്പെട്ടു, പിന്നെ അതൊരു പ്രേമമായി, പൊട്ടിമുളച്ചു പടര്‍ന്നു പന്തലിച്ചു വളര്‍ന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.... ഹൊ ആലോചിക്കാനെ വയ്യ...

No comments:

Post a Comment