ഞാന് കോളേജില്‍ 2nd ഇയര്‍ പഠിക്കുമ്പോഴാണ് ഈ മഹത്തായ സംഭവം നടന്നത്. എന്നെ ഹീറോ ആക്കിയ സംഭവം (എന്ന് ഞാന്‍ കരുതുന്ന, അല്ലേലും കവിക്ക് എന്തും കരുതാമല്ലോ). ഇതു കേള്‍ക്കുമ്പോ നിങ്ങള്‍ കരുതും ഞാന്‍ ആരുടേയോ ജീവന്‍ രക്ഷിച്ചുവെന്ന്. ജീവന്‍ രക്ഷിച്ചു എന്നത് ശരിതന്നെ . പക്ഷെ എന്‍റെ തന്നെയാണെന്ന് മാത്രം. അതെ... ഒരു ചെറിയ വലിയ ബൈക്ക് ആക്സിടെന്റ്റ്.
ആ തവണത്തെ exams നടക്കുന്നതിനിടയില്‍ ചെറിയ ലീവ് കിട്ടി. ഏതോ പരീക്ഷ മാറ്റിവെച്ചതോ മറ്റോ ആണ്. ആ ദിവസം രാത്രിയാണ് ഞാന് പോകാന്‍ തീരുമാനിച്ചിരുന്നത്. വെളുപ്പാന്‍ കാലത്തു 2 മണിക്കൊരു ബസ്സ് ഉണ്ട്. അതിന് പോയാല്‍ ഒരു പത്തുമണിയാകുമ്പോ വീടിലെത്താം. താഴെ ടൌണില്‍ നിന്നാണ് ബസ്സ്. രാത്രിയായാല്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നും അങ്ങോട്ട് ബസ് കിട്ടത്തില്ല. അതിനാല്‍ നേരത്തെ തന്നെ ഞങ്ങള്‍ മൂന്നാല് പേര്‍ ബാഗൊക്കെ എടുത്തുകൊണ്ടു ട്വൌണിനടുത്തു തന്നെ താമസിക്കുന്ന ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി.
രാത്രിയായപ്പോള്‍ ഒരുത്തന് മനംമാറ്റം. അവന് പോകണ്ടത്രേ. തന്നെയുമല്ല അവന് അപ്പോള്‍ തന്നെ തിരിച്ചു ഹോസ്റെലിലേക്ക് പോകണം. രാത്രി അവിടെ കിടന്നോ, രാവിലെ പോകാം എന്നൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അവനപ്പോള്‍ തന്നെ പോകണം. ഹൊ! എന്തൊരു വാശി.
റൂമില്‍ ഒരു ബൈക്ക് ഇരുപ്പുണ്ട്. അവന്‍ അതെടുത്ത് പൊയ്ക്കോളാം. പിറ്റേ ദിവസം രാവിലെ തിരികെ കൊണ്ടു വെച്ചേക്കാം എന്ന് പറഞ്ഞു. അപ്പോളടുത്ത പ്രശ്നം. റൂമിന്റെ ഉടമസ്ഥന്‍ കൂട്ടുകാരന് പിറ്റേ ദിവസം വെളുപ്പാന്‍ കാലത്ത് ബൈക്കുമെടുതോണ്ട് വീട്ടില്‍ പോകണം. അപ്പൊ പിന്നെ തന്‍ടെ കൂടെയാരേലും വരണമെന്നായി വാശിക്കാരന്‍ ഫ്രെണ്ട്. അവസാനം ഈയുള്ളവന്‍ എന്തിനും തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ ഒരു 12 മണിയായപ്പോള്‍ ഞാന്‍ അവനെയും കൊണ്ടു ഹോസ്റെലിലേക്ക് തിരിച്ചു. അവനെ കൊണ്ടാക്കി കുറച്ചു നേരം ഹോസ്റ്റലില്‍ നിന്നതിനു ശേഷം ഞാന്‍ തിരികെയിറങ്ങി.
പെട്ടെന്നെത്തണമെന്നതിനാല് ഞാന്‍ വളരെ വേഗത്തിലാണ് ബൈക്കോടിച്ചത്. രാത്രിയാണ്. തണുപ്പുണ്ട്. റോഡിന്റെ ഒരു സൈഡ് അഗാധമായ കൊക്കയാണ്. എന്നാലെന്താ എത്രയോ തവണ ഞാന്‍ ഇതിലെയൊക്കെ പോയിരിക്കുന്നു. എനിക്കൊരു പേടിയും തോന്നിയില്ല. കണ്ണുമൂടിക്കെട്ടിയാല് പോലും ഞാന്‍ സുഖമായിട്ടു ബൈക്കൊടിക്കും. അത്രയ്ക്ക് വിശ്വാസമായിരുന്നു എനിക്കെന്നെ. പക്ഷെ അതിന് വളരെ കുറച്ചു നേരത്തെ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ആ ബൈക്കെന്നെ ചതിച്ചു. പതിനേഴാം നമ്പര്‍ വളവില്‍ വച്ചു.
വളവെത്തിയപ്പോള് ഞാന്‍ വണ്ടി വളക്കാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ പറ്റിച്ചു. അവന്‍ വളഞ്ഞില്ല. നേരെ തന്നെ പോയി. ങേ..ഹും.. ബൈക്കെ വേണ്ടാ.. എന്നോട് കളിക്കണ്ടാ... ഞാന്‍ ബ്രേക്ക് പിടിക്കും... ഞാന്‍ ബ്രേക്ക് പിടിച്ചു. എവിടെ നില്‍ക്കാന്‍... വണ്ടിക്കു ബ്രേക്കില്ലെന്നുള്ള മഹത്തായ സത്യം ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ്. (അപ്പോള്‍ ഇതിന് മുന്പൊക്കെ ബൈക്കെങ്ങനെയാ നിന്നതെന്ന് നിങ്ങള്‍ ചോദിച്ചാല്‍... ആവോ.. എനിക്കറിഞ്ഞുകൂടാ. ഞാന്‍ അതിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം CBI ക്ക് വിട്ടാലോ എന്നാണിപ്പോഴെന്റെ ചിന്ത). ഞാന്‍ തെളിക്കുന്ന വഴിക്ക് ബൈക്ക് നീങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ബൈക്കിനെ അതിന്റെ വഴിക്ക് ഞാന്‍ വിട്ടു. അപ്പോള്‍ പിന്നെ ബൈക്കൊന്നും ആലോചിച്ചില്ല. നേരെ കൊക്കയിലേക്ക് അതെന്നേം കൊണ്ടു പറന്നു. ഞാനാണെങ്കില്‍ "കര്‍ത്താവേ ഞാനിതാ ഹീറോ ഹോണ്ടാ സ്പ്ലെണ്ടെറിലേറി നിന്‍റെ അടുത്തേക്ക് വരികയായി" എന്നൊരു മൂളിപാട്ടും പാടി കൂള്‍ ആയി അങ്ങിരുന്നു.
പക്ഷെ പണ്ടാരടങ്ങാന്‍ റോഡ്സൈഡില്‍ പണ്ടെന്നോ റോഡുണ്ടാക്കിയപ്പോള് എങ്ങനെയോ ഉണ്ടായ ഒരു മണ്‍കൂന നില്‍പ്പുണ്ടായിരുന്നു. അവന്‍ നമ്മുടെ ബൈക്കിനിട്ടു, "ഏതായാലും പോകുവല്ലേ, ഇതുകൂടെ ഇരിക്കട്ടെ" എന്നുപരന്ഞൊരു ഇടി കൊടുത്തു. അതോടെ ബൈക്കില്‍ മേലുള്ള എന്റെ പിടുത്തം വിട്ടുപോയി. ഒരു വഴിക്കു പോവേണ്ടിയിരുന്ന ഞങ്ങള്‍ രണ്ടു വഴിയിലൂടെ കൊക്കയിലേക്ക് പറന്നു. എന്റെ വഴിയില്‍ നിറയെ മരങ്ങള്‍ ആയിരുന്നു. പാവം ബൈക്ക്, അവന്റെ വഴിക്കാകട്ടെ മൊത്തം പാറകൂട്ടവും.
അങ്ങനെ മരങ്ങള്‍ക്കിടയിലൂടെ താഴോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെയോ ഒരു മരക്കൊമ്പില്‍ ഞാന്‍ കയറി പിടിച്ചു, സ്പൈഡര്‍മാന് സ്റ്റൈലില്‍.. താഴോട്ടുള്ള പോക്ക് നിന്നു.. എന്നിട്ട് ഒരു കൈകൊണ്ടു മരക്കൊമ്പില്‍ പിടിച്ചു മറ്റേ കൈ ഞാന്‍ ചെവിയോടു ചേര്ത്തു പിടിച്ചു ഞാന്‍ കാതോര്‍ത്തു. എങ്ങാനും ബൈക്കിന്റെ നിലവിളി കേള്‍ക്കുന്നുണ്ടോ?. ഇല്ല. ഇനിയെന്ത് ചെയ്യും??. ഒരു നിമിഷം ഞാന്‍ ഒന്നു കണ്ണടച്ചു. കെട്ടാന്‍ പോകുന്ന പെണ്ണിനേയും പരദേവതകളേയും മനസ്സിലോര്‍ത്തു. പിന്നെ ഒരു കുതിപ്പാ... ക്ലാ ക്ലാ ക്ലാ ക്ലീ ക്ലീ ക്ലീ ക്ലു ക്ലു ക്ലു.. ദേ കിടക്കുന്നു ഞാന് റോഡില്‍....
ദേഹത്ത് നിന്നും വല്ലതും പോയോ എന്ന് ഞാന്‍ തപ്പി നോക്കി. ഇല്ല ഒന്നും പോയിടില്ല. 150 രൂപാ കൊടുത്ത് വാങ്ങിയ ചെരുപ്പോരണ്ണം പോയി. യ്യോ.. ബൈക്ക്?? ആ ഇരുട്ടത്തും ഞാന്‍ കൊക്കയില്ലേക്ക് സൂക്ഷിച്ചു നോക്കി. ഒന്നും കാണാനില്ല. അവന്‍ അനിക്സ്പ്രേ ആയി കാണും. ഞാന്‍ ഉറപ്പിച്ചു. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല. ഒറ്റ ചെരുപ്പുമിട്ടുകൊണ്ട് ഞാന്‍ തിരിച്ചു നടന്നു, ഹൊസ്ടെലിലെക്കു. പോകുന്ന വഴിക്കുള്ള കൂട്ടുകാരുടെ വീടുകളിലെല്ലാം കയറി ഞാന്‍ അവരെയൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ആരും എണീറ്റ് വരുന്നില്ല. അങ്ങനെ ഞാന്‍ ഹൊസ്ടെലിലെത്തി.
ആദ്യം കണ്ടത് എന്നെ പ്രണയ പാഠങ്ങള് പഠിപ്പിച്ചു തന്നവനെയാണ്. അവനോടു ഞാന്‍ ബൈക്ക് പോയെടാ എന്ന് പറഞ്ഞു.. അവനെന്നെ തുറിച്ചു നോക്കിയത് മാത്രമേ എനിക്കൊര്‍മയുള്ളു. പിന്നെ കാണുന്നത് ഒരു 10-15 പേര്‍ വടിയും കുന്തവുമോക്കെയായി വരുന്നതാണ്. പിന്നെ ഞങ്ങള്‍ ഒരു ജാഥയായി നേരെ ആ കൊക്കയിലേക്ക് പോയി ബൈക്ക് തപ്പി. അപ്പോഴും ബൈക്ക് കാണുന്നില്ല. ആരോ ബൈക്ക് നേരെ ഡാമിലെത്തിയിരിക്കുമെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഏതായാലും രാത്രി തപ്പിയിട്ടു കാര്യമില്ലെന്ന് മനസ്സിലായതോടെ അതിരാവിലെ വന്നു തിരച്ചില്‍ പുനരാരംഭിക്കാം എന്ന് തീരുമാനിച്ചു ആ യോഗം പിരിച്ചു വിട്ടു.
അങ്ങനെ രാവിലെ വീണ്ടും ജാഥയായി സംഭവ സ്ഥലത്തേക്ക് പോയി. പോകുമ്പോ എതിരെ വരുന്ന ആള്‍ക്കാര്‍ പറയുന്നുണ്ട്, കൊക്കയില്‍ ഒരു ബൈക്ക് കിടപ്പുണ്ട്, ആളെ കാണാനില്ല, തട്ടിപോയിക്കാണും എന്നൊക്കെ. വണ്ടി ഓടിച്ച മഹാനാണ് ഈ ഇരിക്കുന്നത് എന്ന കാര്യം അവര്‍ക്കറിയില്ലല്ലോ. അങ്ങനെ സംഭവ സ്ഥലത്തെതിയപ്പോ അവിടെ ഒരാള്‍ക്കൂട്ടം. അവരുടെയെല്ലാം സഹായത്തോടെ ബൈക്ക് പൊക്കിയെടുത്ത്, എല്ലാര്ക്കും എന്നെ പരിചയപ്പെടുതികൊടുത്ത ശേഷം യോഗം പിരിച്ചു വിട്ടു. പിന്നെ ഞാനും ഇതിനെല്ലാം കാരണക്കാരനായ വാശിക്കാരന്‍ സുഹൃത്തും നേരെ പോയത് വര്‍ക്ക് ഷോപ്പിലേക്കാണ്. വൈകുന്നേരത്തോടെ ബൈക്ക് നന്നാക്കി, ഉടമസ്ഥന് തിരിച്ചു കൊടുത്തു, താമസസ്ഥലത്ത് തിരിച്ചെത്തി.
അവിടെ എന്നെ സ്വീകരിക്കാന്‍ ഒരു വന്‍ ജനാവലി കാത്തു നിന്നിരുന്നു. ഞാന്‍ വീണ സ്ഥലത്തു ഇതിന് മുന്‍പ് 3-4 പേര്‍ വീണു തട്ടിപോയിട്ടുണ്ടാത്രേ. ആദ്യമായിട്ടാണ് ഒരുത്തന്‍ ജീവനോടെ മടങ്ങി വരുന്നതു. ഹൊ!! പറ്റു കൊടുക്കുവാനുണ്ടായിരുന്ന കടകളിലെ ചേട്ടന്മാര്‍ക്കൊക്കെ എന്തൊരു സന്തോഷമായിരുന്നെന്നോ അന്ന്.. മറക്കാന്‍ പറ്റില്ല.
പ്രത്യേക നന്ദി.
1. ഹോസ്റ്റലില്‍ വച്ച് ആളെകൂട്ടാന്‍ അക്ഷീണം പ്രയത്നിച്ച ഷിറിന്‍
2. പാതിരാത്രി ആശ്രമത്തില്‍ വച്ച് എന്റെ ദേഹത്തെ പെയിന്റ് മറ്റോ പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്ത ഷിബില്‍
3. ഗിയറില്‍ കിടന്ന ബൈക്ക് മുന്നോട്ട് നീക്കാന്‍ പരിശ്രമിച് പരാജയപെട്ട ശേഷം അത് പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവെച്ച ഷമീര്‍
No comments:
Post a Comment